നവംബറിൽ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിഹാറിനായി 1.25 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. ഇതിനുപുറമെ, നിലവിൽ നടപ്പിലാക്കി വരുന്ന പദ്ധതികൾക്കായി 40,657 കോടി രൂപയും കേന്ദ്ര സർക്കാർ തടസമില്ലാതെ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ ആരയിൽ പരിവർത്തൻ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന ബിഹാറിന് പ്രത്യേക പദ്ധതികൾ നേരത്തെയും പ്രഖ്യാപിച്ചുണ്ടെങ്കിലും അവയൊന്നും വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ സംസ്ഥാനം ഭരിച്ച വിവിധ സർക്കാരുകൾക്ക് സാധിച്ചില്ല. സംസ്ഥാനത്തിന്റെ വികസനം സാധ്യമാകണമെങ്കില്‍ ബിജെപിയെ അധികാരത്തിൽ എത്തിക്കണം. യുപിഎ സർക്കാർ 12,000 കോടി രൂപ പ്രഖ്യാപിച്ച സ്ഥലത്ത് ഞാൻ 1.25 ലക്ഷം കോടിയുടെ പാക്കേജ് അനുവദിക്കുകയാണെന്നും മോഡി പറഞ്ഞു. അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ 10,000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, 2013 വരെയും ഈ തുക വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ സംസ്ഥാനം ഭരിച്ച സർക്കാരുകൾക്കായില്ല. ഇതിൽ 1000 കോടി രൂപ ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുകയാണെന്നും മോദി റാലിയിൽ ചൂണ്ടിക്കാട്ടി.
റാലിയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും മോഡി ആഞ്ഞടിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നില്ല എന്ന് ആവര്‍ത്തിച്ച് പറയുന്ന മുഖ്യമന്ത്രി നിതീഷ് കുമാർ എന്തിനാണ് കേന്ദ്രത്തോട് ഏപ്പോഴും സാമ്പത്തിക പാക്കേജിനായി കൈനിട്ടുന്നത്. ബിഹാർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനമല്ലെന്ന് പറയുന്നവർ മറ്റുവരുടെ മുമ്പിൽ കൈ നീട്ടുന്നത് എന്തിനാണെന്നും മോഡി ചോദിച്ചു.