പറഞ്ഞ അഭിപ്രായങ്ങളില്‍ മാറ്റമില്ല; മോഡി പറഞ്ഞത് ശരിയല്ലെന്ന് മൂഡീസ്

വെള്ളി, 6 നവം‌ബര്‍ 2015 (15:02 IST)
തങ്ങളുടെ അഭിപ്രായത്തില്‍ മാറ്റമില്ലെന്നും റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും രാഷ്‌ട്രാന്തര റേറ്റിങ് ഏജന്‍സി മൂഡീസ്. മൂഡീസിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നല്കിയ വിശദീകരണം ശരിയല്ലെന്നും മൂഡീസ് അനലറ്റിക്‌സ് വ്യക്തമാക്കി.
 
ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തുന്ന ബി ജെ പി അംഗങ്ങളെ നിയന്ത്രിക്കാന്‍ മോഡി തയ്യാറാകുന്നില്ലെങ്കില്‍ ആഗോളതലത്തിലും ആഭ്യന്തരതലത്തിലും സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്‌ടപ്പെടും എന്നായിരുന്നു മൂഡീസ് പറഞ്ഞത്.
 
എന്നാല്‍, മൂഡീസിന്റെ ഈ അഭിപ്രായം ശരിയല്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് നല്കിയ വിശദീകരണം. മൂഡീസിലെ ഒരു ജൂനിയര്‍ സാമ്പത്തിക വിശകലനക്കാരന്റെ അഭിപ്രായമാണ് ഇതെന്നും വിശദീകരണക്കുറിപ്പില്‍ പറഞ്ഞിരുന്നു.
 
എന്നാല്‍, തങ്ങള്‍ക്ക് രാഷ്‌ട്രീയ ലക്‌ഷ്യമോ താല്‌പര്യമോ ഇല്ലെന്ന് മൂഡീസ് വ്യക്തമാക്കി. തങ്ങളുടെ സാമ്പത്തിക വിശകലനത്തിന്റെ ഭാഗമായിത്തന്നെയാണ് നിരീക്ഷണം നടത്തിയത്. ഇക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നെന്നും മൂഡീസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക