പരസ്പര സമ്മതത്തോടെയുള്ള ലൈംഗികതയ്ക്കുള്ള പ്രായം പതിനാറാക്കാന്‍ ശുപാര്‍ശ

Webdunia
തിങ്കള്‍, 13 ജൂലൈ 2015 (16:52 IST)
പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള പ്രായപരിധി പതിനാറു വയസായി കുറയ്ക്കാൻ  കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയുടെ ശുപാര്‍ശ. നിലവിലെ നിയമത്തിന്റെ ദുരുപയോഗം മൂലം പൊലീസ് സ്റ്റേഷനുകളിൽ വ്യാജ പരാതികൾ ഏറിവരുന്ന സംഭവങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദ്ദേശം സമിതി മുന്നോട്ട് വച്ചിരിക്കുന്നത്.

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനുള്ള പ്രായപരിധി ഉയർന്നു നിൽക്കുന്നത് കൗമാരക്കാരിലെ ലൈംഗികതയെ കുറ്റകൃത്യമായി കാണാൻ ഇടയാക്കുമെന്നു ബാലാവകാശ സംഘടനകളും നിലപാട് എടുത്തിരുന്നു.  പതിനെട്ടു വയസ്സിൽ താഴെയുള്ളവരുമായുള്ള ലൈഗിക ബന്ധം ക്രിമിനല്‍ കുറ്റമായാണ് നിലവിലെ നിയമത്തില്‍ പറയുന്നത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ നിയമവും ലൈംഗിക പീഡന വിരുദ്ധ നിയമവും ഇതാണ് വ്യക്തമാക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനങ്ങളിൽ നിന്നും വേശ്യാവൃത്തിയിൽ നിന്നും രക്ഷിക്കുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഈ നിയമം ദുരുപയോഗം ചെയ്ത് വ്യാജ പീഡന പരാതികള്‍ കൂടിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദ്ദേശം. ശുപാർശകൾ ഉന്നതതല സമിതി മന്ത്രാലയത്തിനു സമർപ്പിച്ചുകഴിഞ്ഞു.

ഈമാസം ഇരുപതിനു ആഭ്യന്തര, നിയമ, ആരോഗ്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന യോഗത്തിൽ ശുപാർശകൾ ചർച്ചചെയ്യും. സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡനം തടയൽ നിയമം, വിവാഹമോചന നിയമം എന്നിവയിൽ കാതലായ മാറ്റങ്ങൾ വേണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.