രാജ്യത്തെ ബഹുഭൂരിപക്ഷം മുസ്ലീം വനിതകളും ബഹുഭാര്യാത്വം, ഏകപക്ഷീയമായ തലക്ക് ചൊല്ലി വിവാഹമോചനം നടത്തുന്നത് തുടങ്ങിഒയ സാമുദായിക ആചാരങ്ങള്‍ക്കെതിരാണെന്ന് റിപ്പോര്‍ട്ട്. 'ഭാരതീയ മുസ്ലീം മഹിളാ ആന്ദോളന്‍' എന്ന മനുഷ്യാവകാശ സംഘടന നടത്തിയ സര്‍വ്വേയിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. സാമൂഹിക മാധ്യമങ്ങളായ സ്‌കൈപ്, വാട്‌സ്ആപ് തുടങ്ങിയവയിലൂടെ പോലും മൂന്ന് തലാക്ക് ചൊല്ലി വിവാഹബന്ധം അവസാനിപ്പിക്കുന്ന സാഹചര്യം സാധാരണമായതോടെ മുസ്ലീംവനിതകള്‍ വിവാഹബന്ധത്തിന്റെ കെട്ടുറപ്പിനെക്കുറിച്ച് ആശങ്കാകുലരാണെന്നും വിവാഹവുമായി ബന്ധപ്പെട്ട അനാചാരങ്ങള്‍ ഒഴിവാക്കണമെന്ന് ശക്‌തമായി ആഗ്രഹിക്കുന്നവരാണെന്നും സര്‍വ്വേ പറയുന്നു.
2013 ജൂലൈയ്‌ക്കും ഡിസംബറിനും ഇടയില്‍ 4,710 മുസ്ലീം വനിതകളിലാണ് പഠനം നടത്തിയത്. സര്‍വേയോട് പ്രതികരിച്ച 92.1 ശതമാനം സ്‌ത്രീകളും ഏകപക്ഷീയമായി തലാക്ക് ചൊല്ലി വിവാഹബന്ധം അവസാനിപ്പിക്കുന്നതിനെ എതിര്‍ത്തു. ഭര്‍ത്താക്കന്‍മാര്‍ രണ്ടാം ഭാര്യമാരെ സ്വീകരിക്കുന്നതിനോട് 91.7% സ്‌ത്രീകളും എതിര്‍പ്പ് പ്രകടിപ്പിച്ചു. സര്‍വേയില്‍ പ്രതികരിച്ച 93% സ്‌ത്രീകളും വിവാഹമോചനത്തിനു മുമ്പ് മധ്യസ്‌ഥ ചര്‍ച്ച വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതേസമയം, 83.3% സ്‌ത്രീകളാവട്ടെ മുസ്ലീം കുടുംബ നിയമം ക്രോഡീകരിക്കുന്നതിലൂടെ നീതി ലഭിക്കുമെന്നും കരുതുന്നു.
രാജ്യത്ത് ആദ്യമായി ഇത്തരമൊരു സര്‍വേ നടത്തിയത്. വിഷയം സര്‍ക്കാരിന്റെയും നിയമ കമ്മീഷന്റെയും ദേശീയ വനിതാ കമ്മീഷന്റെയും ശ്രദ്ധയില്‍പ്പെടുത്താനുളള നീക്കത്തിലാണ് ഭാരതീയ മുസ്ലീം മഹിളാ ആന്ദോളന്‍. മുസ്ലീം വ്യക്‌തിനിയമത്തില്‍ പരിഷ്‌കാരം വേണമെന്ന് ആവശ്യപ്പെടുന്ന സംഘടനയാണ് ഭാരതീയ മുസ്ലീം മഹിളാ ആന്ദോളന്‍. സംഘടന സര്‍വ്വേ നടത്തിയത് തികച്ചു പിന്നോക്കം നില്‍ക്കുന്ന മുസ്ലീം കുടുംബങ്ങളിലാണ്.
പ്രതികരിച്ച സ്‌ത്രീകളില്‍ 73% 50,000 രൂപയില്‍ താഴെ വാര്‍ഷികവരുമാനമുളള കുടുംബങ്ങളില്‍ നിന്നുളളവരാണ്. ഇവരില്‍ 55% 18 വയസ്സിനു മുമ്പ് തന്നെ വിവാഹിതരായവരാണ്. 82% സ്‌ത്രീകള്‍ക്ക് സ്വന്തം പേരില്‍ സ്വത്തുക്കളില്ല. 78% പേരും ഗാര്‍ഹികജോലി മാത്രം ചെയ്യുന്നവരാണ്. 53% പേരും ഗാര്‍ഹികപീഡനത്തിനിരയായവരാണ് ഭൂരിഭാഗത്തിനും ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെന്നും സര്‍വേ ഫലത്തില്‍ പറയുന്നു.