മഹാരാഷ്ട്രയിലെ പൂനെയിൽ മലയാളി വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചങ്ങനാശേരി സ്വദേശിനിയായ രാധാ മാധവൻ നായരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. അറുപത്തഞ്ചുകാരിയായ ഇവർ വിശ്രാന്ത് വാടിയിലെ ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്.
ശനിയാഴ്ച രാത്രിയില്‍ ഒരുപാടുതവണ വിളിച്ചിട്ടും ഒരു പ്രതികരണവുമില്ലാത്തതിനാല്‍ പുനെയിൽതന്നെ താമസിക്കുന്ന മക്കൾ വീട്ടിലെത്തിയപ്പോളാണ് ചോരയിൽ കുളിച്ച നിലയിൽ കിടക്കുന്ന രാധാ മാധവൻ നായരുടെ മൃതദേഹം കണ്ടത്. തുടർന്ന് അവര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
മാലയും വളയുമടക്കമുള്ള ആഭരണങ്ങൾ വീട്ടിൽനിന്ന് നഷ്ടപ്പെട്ടിട്ടുള്ളതിനാൽ മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. അവരെ പരിചയമുള്ളവർ തന്നെയായിരിക്കും കൊലയ്ക്കു പിന്നിലെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.