റിയല്‍എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം: അഡ്വ. സി.പി.ഉദയഭാനുവില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍; കേസ് വഴിത്തിരിവിലേക്ക്

ശനി, 30 സെപ്‌റ്റംബര്‍ 2017 (13:44 IST)
ചാലക്കുടിയില്‍ തോട്ടം പാട്ടത്തിനെടുത്ത അങ്കമാലി സ്വദേശിയായ രാജീവ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പുതിയ വെളിപ്പെടുത്തല്‍. അഭിഭാഷകനായ സിപി ഉദയഭാനുവില്‍ നിന്ന് രാജീവിന്റെ ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വ്യക്തമാക്കി‍. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു രാജീവ് ഹൈക്കോടതിയെ സമീപിച്ചതെന്നും അവര്‍ പറയുന്നു. 
 
ഉദയഭാനുവില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് രാജീവ് മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയിരുന്നുവെന്നാണ് പുറത്തുവ്വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാജീവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് നല്‍കിയതിന് പകരമായാണ് തനിക്കെതിരെ ഹൈക്കോടതിയില്‍ പരാതി കൊടുത്തതെന്നാണ് അഡ്വ.ഉദയഭാനു പറഞ്ഞത്. ഈ കേസുമായി ബന്ധപ്പെട്ട മൂന്ന് പേരെ വെള്ളിയാഴ്ച യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്ന് ഗുണ്ടകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് സൂചന.
 
കഴിഞ്ഞദിവസമാണ് രാജീവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജീവിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം എസ്ഡി കോണ്‍വെന്റിന്റെ ഒഴിഞ്ഞു കിടന്ന കെട്ടിടത്തില്‍ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ബല പ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് രാജീവിനെ കാണാനില്ലെന്ന് മകന്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് മുമ്പും രാജീവിനെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടന്നതായും മകന്‍ പൊലീസിന് മൊഴി നല്‍കി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍