‘അങ്കമാലി’ സംഘത്തിന്റെ വാഹനം തടഞ്ഞതിൽ തെറ്റില്ല: എസ് പി എ വി ജോർജ്

ഞായര്‍, 19 മാര്‍ച്ച് 2017 (13:06 IST)
അങ്കമാലി ഡയറീസ് എന്ന സിനിമയുടെ അണിയറ പ്രവർത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനം മൂവാറ്റുപുഴ ഡിവൈ.എസ്.പി വഴിയില്‍ തടഞ്ഞ് പരിശോധിച്ചതില്‍ തെറ്റില്ലെന്ന് എറണാകുളം റൂറല്‍ എസ്.പി എ.വി ജോർജ്. നിയമലംഘനം കണ്‍‌മുമ്പില്‍ കണ്ടിട്ടും നടപടി എടുക്കാത്തതിന് മൂവാറ്റുപുഴ ഡി.വൈ.എസ്.പിയോട് വിശദീകരണം തേടിയതായും എസ് പി അറിയിച്ചു.
 
സിനിമക്കാർ സഞ്ചരിച്ച വാഹനത്തിന്‍റെ ഗ്ലാസ് സ്റ്റിക്കറൊട്ടിച്ച് മറച്ചിരുന്നു. ഇത് പിഴ ഈടാക്കേണ്ട കുറ്റമാണ്. അത്തരമൊരു നിയമലംഘനം കണ്ടിട്ടും എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് ഡിവൈഎസ്പി വിശദീകരിക്കണമെന്നും എസ്പി എ വി ജോര്‍ജ് പറഞ്ഞു.
 
മൂവാറ്റുപുഴയില്‍ വെച്ച് പൊലീസ് തങ്ങള്‍ക്കുനേരെ സദാചാര പൊലീസിങ്ങ് നടത്തിയതായി ആരോപിച്ച് അങ്കമാലി ഡയറീസ് സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതിയും നല്‍കുകയും ചെയ്തു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അങ്കമാലി ഡയറീസ് ടീം പരാതി നല്‍കിയത്.  

വെബ്ദുനിയ വായിക്കുക