നോട്ടുകള്‍ അസാധുവാക്കിയതും തുടര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യവുമെല്ലാം റിയല്‍ എസ്റ്റേറ്റ് മേഖലയെ ബാധിച്ചിട്ടുണ്ടോ ? നിലവില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ഭാവിയെന്താണ്? ഇപ്പോഴത്തെ സാഹചര്യത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കുന്നത് ഗുണകരമാവുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് പല നിക്ഷേപകരും ചോദിക്കുന്നത്. പാര്‍പ്പിടം സ്വന്തമാക്കാന്‍ പറ്റിയ സമയമാണോ ഇതെന്ന് വീടില്ലാത്തവരും ചോദിക്കുന്നു.
എന്നാല്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ ഭവനവില്‍പ്പനയിലെല്ലാം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജ്യത്തെ പ്രമുഖ നഗരങ്ങളായ ചെന്നൈ, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലെല്ലാം വന്‍തോതില്‍ ഭവനങ്ങളുടെ വില്പന നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ പഴയ കാലത്തു നിന്നും വ്യത്യസ്ഥമായി ചെറുഭവനങ്ങളുടെ വില്പനയാണ് നടക്കുന്നതെന്നും പറയുന്നു.
ഇത്തരത്തിലുള്ള ചെറുഭവനങ്ങളുടെ വില്പന ഏറ്റവും കൂടുതലായി നടക്കുന്നത് ചെന്നൈയിലാണെന്നും സ്വകാര്യ ഓണ്‍ലൈന്‍ റിയല്‍ എസ്‌റ്റേറ്റ് പോര്‍ട്ടലായ പ്രോപ് ടൈഗറിന്റെ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് വര്‍ഷം മുമ്പ് ചെന്നൈയില്‍ അനുഭവപ്പെട്ട വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിരുന്നു. തുടര്‍ന്നാണ് ചെറുഭവനങ്ങള്‍ എന്ന നിലയിലേക്ക് ആളുകള്‍ മാറാന്‍ കാരണമെന്നും പറയുന്നു.
അതേസമയം വില്പനയില്‍ വര്‍ധനവുണ്ടായെങ്കിലും പല കെട്ടിടനിര്‍മ്മാതാക്കളും വീടുകളുടെ വില കുറക്കാന്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എങ്കിലും ഭവനവില്‍പ്പന കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ പല ഫ്ലക്‌സിബിള്‍ പേമെന്റ് സൗകര്യങ്ങളും ഇവര്‍ ഏര്‍പ്പെടുത്തുന്നുണ്ട്. കൂടാതെ പണം അടയ്ക്കാന്‍ സമയം കൂടുതല്‍ അനുവദിക്കുന്നതും ഇവിടങ്ങളില്‍ ദൃശ്യമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.