കൂട്ട ശിശുമരണം ജനം മറന്നു, യുപിയില്‍ യോഗിയുടെ തന്ത്രങ്ങള്‍ക്ക് വിജയം; തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം

Webdunia
വെള്ളി, 1 ഡിസം‌ബര്‍ 2017 (16:07 IST)
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം നടക്കുന്ന ആദ്യ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അപ്രതീക്ഷിത മുന്നേറ്റം. തെരഞ്ഞെടുപ്പു നടന്ന 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ പതിനാലിടത്തും ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥികള്‍ വിജയത്തിലെത്തി. രണ്ടിടത്ത് ബിഎസ്പിയും മുന്നേറുന്നു. പൂര്‍ണമായ വിവരം വൈകുന്നേരത്തോടെ ലഭ്യമാകും.  

ആഗ്ര, അയോധ്യ, മൊറാധാബാദ്, ലക്നൗ, അലിഗ‍ഢ്, ഗാസിയാബാദ്, ഗൊരഖ്പൂര്‍, മീറത്ത് തുടങ്ങിയ പ്രധാനപ്പെട്ട 12 കോര്‍പ്പറേഷനുകളില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചതോടെ ഏഴുമാസം മാത്രം പ്രായമുള്ള യോഗി സര്‍ക്കാര്‍ കൂടുതല്‍ ശക്തമായി.
തെരഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തെത്തും.


രാജ്യത്തെ ഞെട്ടിച്ച ഗോരഖ്പൂരിലെ ബിആർഡി മെഡിക്കല്‍ കോളജിലെ കൂട്ട ശിശുമരണവും സര്‍ക്കാരിന്‍റെ വീഴ്‌ചകളും   ചൂണ്ടിക്കാട്ടിയായിരുന്നു നിർണായക തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പ്രചാരണം ശക്തമാക്കിയത്. തിരിച്ചടി ഭയന്ന യോഗി ഓരോ വാര്‍ഡിലും 50 പേരടങ്ങുന്ന മുഴുവന്‍സമയ പ്രവര്‍ത്തകരെ ഇറക്കിയാണ് ശക്തി തെളിയിച്ചത്.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ ജയത്തോടെ ബിജെപി സംസ്ഥാനത്ത് കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. കൂട്ട ശിശുമരണം തിരിച്ചടിയാകുമെന്ന നിഗമനം നിലനില്‍ക്കുമ്പോഴാണ് യോഗിയുടെ തന്ത്രങ്ങള്‍ യുപിയില്‍ വിജയം കണ്ടത്. ഭരണത്തിന്‍റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്ന പ്രതിപക്ഷത്തിന്റെ പ്രസ്‌താവനയും ഇതോടെ വെറും ആരോപണമായി തീര്‍ന്നു. യോഗിയും ഉപമുഖ്യമന്ത്രിമാരും ബിജെപി സംസ്ഥാന നേതാക്കളും ഹെലികോപ്റ്ററില്‍ എല്ലായിടത്തുമെത്തിയാണ് പ്രചാരണം കൊഴുപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article