തൃഷ അഡ്വാൻസ് മടക്കി, ലക്ഷ്മി നിരസിച്ചു, തമന്ന ബുദ്ധിമുട്ടി, ഡബ്ബിങ് കുളിമുറിയിൽ; ചിമ്പു തലവേദനയാകുന്നു

വെള്ളി, 1 ഡിസം‌ബര്‍ 2017 (15:26 IST)
നടൻ ചിമ്പുവിനെതിരെ ആഞ്ഞടിച്ച് നിർമാതാവ് മൈക്കിൾ രായപ്പൻ രംഗത്ത്. ചിമ്പു നായകനായ അന്‍പാനവന്‍ അസരാദവന്‍ അടങ്കാത്തവന്‍ (അഅഅ) എന്ന സിനിമയുടെ നിർമാതാവാണ് മൈക്കിൾ. എന്തുകൊണ്ടാണ് ചിത്രം ബോക്സ്ഓഫീസിൽ ശ്രദ്ധനേടാതെ പോയതെന്ന് മൈക്കിൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. മൈക്കിളിന്റെ വാക്കുകളിലൂടെ.
 
ഒൻപത് വർഷത്തിനിടെ 12 സിനിമകൾ ഞാൻ നിർമിച്ചിട്ടുണ്ട്. അതിൽ ചിലതെല്ലാം പരാജയപ്പെട്ടിട്ടുമുണ്ട്. പക്ഷേ 500 പേരെങ്കിലും അതുവഴി ജീവിക്കാൻ പഠിച്ചിട്ടുണ്ട്. ഇന്ന് അ അ അ എന്ന ചിത്രം നിർമിച്ചതിലൂടെ എനിക്ക് എന്റെ എല്ലാം നഷ്ടപ്പെട്ടു, വീടും സ്വത്തും എല്ലാം. ഇതിനെല്ലാം കാരണം ചിമ്പു ആണ്. 
 
ചിത്രത്തിന്റെ കഥ പൂര്‍ണമായി കേട്ട് ബോധിച്ചതിന് ശേഷം മാത്രമാണ് ചിമ്പു അഅഅ എന്ന സിനിമയിൽ അഭിനയിക്കാമെന്ന് സമ്മതം മൂളിയത്. 2016 മെയ് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്തെങ്കിലും ചിമ്പു കാരണം നടന്നില്ല.
 
തമിഴ് സിനിമയിലെ നായികമാർ ആരും തന്നെ അയാളോടൊപ്പം അഭിനയിക്കാൻ തയ്യാറല്ലായിരുന്നു. തൃഷ അഡ്വാന്‍സ് മടക്കി തന്ന് സിനിമയിൽ നിന്നും പിന്മാറി. താൻ കൊച്ചിയിലാണെന്ന് പറഞ്ഞ് ലക്ഷ്മി മേനോന്‍ സിനിമ നിരസിച്ചു. അവസാനം ശ്രിയ ശരണ്‍ ചിമ്പുവിനൊപ്പം അഭിനയിക്കാമെന്ന് സമ്മതിച്ചു. ചിത്രീകരണത്തിനിടയിൽ തമന്ന, കോവൈ സരള, മൊട്ട രാജേന്ദ്രന്‍, മുതിര്‍ന്ന നടി നീലു എന്നിവർ ഒരുപാട് കഷ്ടപ്പെട്ടു. സംവിധാകൻ അവസാനം കരയുന്ന അവസ്ഥയിലായി.
 
ലൊക്കേഷനുകൾ ആദ്യം തന്നെ തീരുമാനിച്ചതായിരുന്നു. എന്നാൽ, ചിമ്പു അതെല്ലാം നിരസിച്ച് ലൊക്കേഷനുകൾ മാറ്റിക്കൊണ്ടിരുന്നു. ചിത്രീകരണം മുഴുവൻ അയാളുടെ ഇഷ്ടത്തിനനുസരിച്ചായി. ഗോവ വേണം, കൊച്ചി വേണം, ലണ്ടൻ വേണം എന്നൊക്കെ പറഞ്ഞ് കൊണ്ടേയിരുന്നു. ഞായറാഴ്ചകളിൽ അഭിനയിക്കില്ലെന്ന് പറഞ്ഞു. ചിമ്പു കാരണം സെറ്റ് മുഴുവൻ പ്രശ്നമായി.
 
ഓരോ കാരണങ്ങൾ പറഞ്ഞ് എതിർപ്പ് പ്രകടിപ്പിച്ച് കൊണ്ടേയിരുന്നു. ഷൂട്ടിംഗ് കാണാൻ ആരും വരരുത്, പാട്ട് സീൻ ലണ്ടനിൽ വെച്ച് ഷൂട്ട് ചെയ്യണം, താമസിക്കാൻ സ്റ്റാർ ഹോട്ടൽ തന്നെ വേണം തുടങ്ങി ചിമ്പുവിനു ആവശ്യങ്ങൾ ഒരുപാടുണ്ടായിരുന്നുവെന്ന് നിർമാതാവ് വെളിപ്പെടുത്തുന്നു. രജനീകാന്ത് അഭിനയിച്ച കബാലി കാണണമെന്ന് പറഞ്ഞ് ഒരു ദിവസത്തെ ഷൂട്ടിംഗ് മാറ്റിവെച്ചു. അന്ന് ലൊക്കേഷനിൽ എത്തിയില്ല. 
 
'ആദ്യത്തെ ഷെഡ്യൂളിന്റെ അവസാനം ഒരു പാട്ട് ചിത്രീകരിക്കാന്‍ ബാക്കി നില്‍ക്കെ ശ്രിയയെ മാറ്റണമെന്ന് ചിമ്പു പറഞ്ഞു. ശ്രിയ നല്ല രീതിയിൽ അഭിനയിക്കുന്നില്ലെന്നും താരത്തെ മാറ്റണമെന്നുമായിരുന്നു അയാളുടെ ആവശ്യം. അതിനാൽ ആ ഗാനം ഷൂട്ടി ചെയ്തതേ ഇല്ല. എന്തുകൊണ്ടാണ് ശ്രിയക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് ചിമ്പു പറഞ്ഞതെന്ന് അയാൾക്ക് മാത്രമേ അറിയൂ. പൂജ കുമാര്‍, നീതു ചന്ദ്ര, സന ഖാന്‍ തുടങ്ങി നായികമാരും മാറി വന്നു. താൻ പറയുന്നത് കേട്ടില്ലെങ്കിൽ അഭിനയിക്കില്ലെന്ന് വരെ ചിമ്പു ഭീഷണിപ്പെടുത്തി. 
 
റിലീസ് വൈകിപ്പിച്ചത് ചിമ്പുവാണ്. ചിമ്പു ഡബ്ബിങ്ങിന് വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. ഒടുവില്‍ വീട്ടിലെ കുളിമുറിയില്‍ ഇരുന്നാണ് ചിമ്പു ഡബ്ബ് ചെയ്തത്. സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അയച്ചു തന്നു. ക്വാളിറ്റി മോശമായിട്ടും അത് അഡ്ജസ്റ്റ് ചെയ്തു. ഇത് നന്നാക്കാനായി ഉപയോഗിച്ച സോഫ്റ്റ്‌ വെയറിനു മാത്രം 75,000 രൂപയായി. മുപ്പത് ദിവസത്തെ കാള്‍ ഷീറ്റ് ഉണ്ടായിരുന്നിട്ടും തമന്ന പതിമൂന്ന് ദിവസത്തെ ചിത്രീകരണത്തിനേ നിന്നുള്ളൂ. പതിനഞ്ച് ദിവസത്തെ കാള്‍ ഷീറ്റില്‍ ശ്രിയ ചെയ്തത് ഏഴ് ദിവസം. ചിമ്പു കാരണം താനനുഭവിച്ചത് ഇനിയൊരു നിർമാതാവിനു ഉണ്ടാകരുതെന്ന് മൈക്കിൾ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍