വിവാദമായ ഷീനാ ബോറ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവായി ഇന്ദ്രാണി മുഖർജിയുടെ മുന്‍ ഡ്രൈവർ ശ്യാംവര്‍ റായിയുടെ മാപ്പുസാക്ഷി മൊഴി. ഷീന ബോറയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് ശ്യാംവർ റായി വെളിപ്പെടുത്തി. താനിത് പറയുന്നത് ആരുടെയും സമ്മര്‍ദ്ദം കൊണ്ടോ ഭീഷണി കൊണ്ടോ അല്ലെന്നും തനിക്ക് തോന്നിയ കുറ്റബോധം കൊണ്ടാണെന്നും ശ്യാംവര്‍ കോടതിയില്‍ വ്യക്തമാക്കി.
ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലാകുന്ന പ്രതിയാണ് ശ്യാംവര്‍. മറ്റൊരു കേസില്‍ പിടിക്കപ്പെട്ട ഇയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഷീനാ ബോറയുടെ കൊലപാതകം സംബന്ധിച്ച് സൂചനകള്‍ ലഭിച്ചത്. തനിക്ക് ചില സത്യങ്ങള്‍ വെളിപ്പെടുത്താന്‍ താല്‍പര്യമുണ്ടെന്നും കേസില്‍ മാപ്പുസാക്ഷിയാക്കണമെന്നും അപേക്ഷിച്ച് ശ്യാംവര്‍ കഴിഞ്ഞയാഴ്ച്ച കോടതിക്ക് രണ്ടുപേജുള്ള കത്ത് എഴുതിയിരുന്നു. ഇതേത്തുടർന്നാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്.
2012 ഏപ്രിൽ 24–നായിരുന്നു ഷീനബോറ കൊല്ലപ്പെട്ടത്. ഷീനയുടെ അമ്മ ഇന്ദ്രാണി മുഖർജി (43), മുൻ ഭർത്താവ് സഞ്ജീവ് ഖന്ന, മുൻ ഡ്രൈവർ ശ്യാംവർ റായ് എന്നിവരായിരുന്നു കേസിലെ മറ്റ് മുഖ്യപ്രതികള്‍. സ്റ്റാർ ടിവിയുടെ മുൻ സി ഇ ഒ പീറ്റർ മുഖർജിയുടെ ഭാര്യ ഇന്ദ്രാണി തന്റെ ആദ്യ ജീവിത പങ്കാളിയായ സിദ്ധാർഥ് ദാസിലുള്ള മകളായ ഷീന ബോറ(24)യെ മുൻഭർത്താവായ സഞ്ജീവ് ഖന്നയുടെയും ഡ്രൈവർ ശ്യാംറായിയുടെയും സഹായത്തോടെ കൊലപ്പെടുത്തുകയും വനപ്രദേശത്ത് കത്തിച്ചശേഷം മറവു ചെയ്യുകയായിരുന്നു എന്നാണ് കേസ്.