മേമന്‍ കുടുംബം എങ്ങനെ വെറുക്കപ്പെട്ടവരായി; ഒറ്റമുറി ഫ്ലാറ്റിൽ നിന്ന് ആഡംബര ജീവിതത്തിലേക്കുള്ള യാത്ര

Webdunia
വ്യാഴം, 30 ജൂലൈ 2015 (14:50 IST)
1993 മാർച്ച് 12ന് മുംബൈ നഗരത്തിനൊപ്പം ഇന്ത്യ നടുങ്ങി വിറയ്‌‌ക്കുബോള്‍ യാക്കൂബ് അബ്ദുൽ റസാക്ക് മേമന്‍ ഇന്ത്യ വിട്ടു പോയിരുന്നു. തികഞ്ഞ ഈശ്വരവിശ്വാസിയും ആധുനിക വീക്ഷണവുമുള്ള യാക്കൂബ് മേമനെ മാന്യനായ ചാർട്ടേഡ് അക്കൗണ്ടന്റായാണ് ജനങ്ങൾ കണ്ടിരുന്നത്. എന്നാല്‍ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് സ്ഫോടനത്തിന് ശേഷമുള്ള മൂന്നാം ദിവസം പിടിയിലായ ഒരാള്‍ 257 പേരുടെ മരണത്തില്‍ മെമന്‍ കുടുംബത്തിനുള്ള പങ്ക് വ്യക്തമാക്കുകയായിരുന്നു. വ്യക്തമായ സൂചനകള്‍ പൊലീസിനു ലഭിച്ചതോടെ റോയുടെയും ഐബിയുടെയും സിബിഐയുടെയും ഇടപെടലുകള്‍ മേമന്‍ കുടുംബത്തിന്റെ പങ്ക് പതിയെ പതിയെ പുറത്ത് കൊണ്ടുവന്നു.

യാക്കൂബ് മേമന്റെ മൂത്ത സഹോദരൻ ടൈഗർ മേമൻ എന്നറിയപ്പെടുന്ന ഇസ്മായേൽ കള്ളക്കടത്ത്, കുഴല്‍പ്പണമിടപാട്, മയക്കുമരുന്നു കച്ചവടം എന്നിങ്ങനെയുള്ള നിരവധി കേസുകളിലൂടെ പ്രസിദ്ധനായ കുറ്റവാളിയായിരുന്നു. പിടിയിലായ വ്യക്തി മേമന്‍ കുടുംബത്തിന്റെ പങ്ക് പൊലീസിനോട് വ്യക്തമാക്കിതോടെ അന്വേഷണം ആ വഴിക്ക് തിരിയുകയും ചെയ്‌തു. ആദ്യം ടൈഗര്‍ മേമനിലേക്കും അവിടുന്ന് യാക്കുബ് മേമനിലേക്കും കേസ് വഴിമാറി. ഇരുവര്‍ക്കും സംഭവത്തിന് പിന്നിലുള്ള പങ്ക് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്‌തു.  സ്‌ഫോടനത്തിന്റെ തലേദിവസം തന്നെ രാജ്യം വിടുകയും ചെയ്‌ത മേമന്‍ കുടുംബം തെളിവുകള്‍ ബാക്കിയാക്കി. ഇതോടെ കേസിന്റെ പ്രതിപ്പട്ടികയിലേക്ക് മേമന്‍ കുടുംബം ഒന്നാകെ എത്തിച്ചേര്‍ന്നു.

പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ സ്ഫോടന പരമ്പരയുടെ ചുരുള്‍ അഴിയാന്‍ തുടങ്ങുകയും ചെയ്‌തു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായത്തോടെയാണ് മുംബൈ സ്‌ഫോടന പരമ്പര ഉണ്ടായതെന്ന് വ്യക്തമായി. ടൈഗര്‍ മേമന്റെ ഇടപെടലോടെ നടന്ന സ്‌ഫോടന പരമ്പരയ്‌ക്കായി ഫണ്ട് ഒഴുകിയത് ചാർട്ടേർഡ് അക്കൗണ്ടന്റായ യാക്കൂബിന്റെ അക്കൌണ്ടിലൂടെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. യാക്കൂബിന്റെ അക്കൗണ്ട്സ് കമ്പനി ഈ ഇടപാടുകൾക്കൊരു മറയായിട്ടാണ് പ്രവർത്തിച്ചിരുന്നത്. മേമൻ സഹോദരന്മാരുടെ പണമിപാടുകൾക്കു നിയമപരമായ സാധുതയുണ്ടാക്കാനായിരുന്നു യാക്കൂബ് തന്റെ അക്കൗണ്ടൻസി കമ്പനിയെ ഉയോഗപ്പെടുത്തിയിരുന്നതെന്നു പൊലീസ് കരുതുന്നു. യാക്കൂബിന് സഹോദരന്മാരുടെ പേരിൽ ഒരു ഹോങ്കോങ് ബാങ്കിന്റെ മുംബൈയിലുള്ള ശാഖയിലും ഡവലപ്പ്മെന്റ് കോപ്പറേറ്റീവ് ബാങ്കിലും എഴ് സംയുക്ത അക്കൗണ്ടുകൾ ഉണ്ടായിരുന്നു. ഇതോടെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതിപ്പട്ടികയിലേക്ക് യാക്കുബ് മേമന്‍ എത്തിച്ചേരുകയും ചെയ്‌തു.

കുടുംബത്തിന്റെ വളര്‍ച്ച അതിവേഗത്തില്‍:-

അബ്ദുൾ റസാക്ക് മേമന്റെയും ഹനീഫാ മേമന്റെയും പുത്രന്മാരാണ് യാക്കൂബ് മേമനും ടൈഗർ മേമനും. നാല് സഹോദരന്മാരും സഹോദരിയുമാണിവർക്കുള്ളത്. ആരിഫ്, അയൂബ്, യൂസഫ് അൻജും, എസ്സ മേമൻ. സഹോദരന്മാരിൽ ആരിഫും മുഷ്താഖും യാക്കൂബും അയൂബും വിവാഹിതരാണ്. മേമന്‍ കുടുംബത്തിന്റെ സാമ്പത്തിക വളര്‍ച്ച അതിവേഗത്തിലായിരുന്നു.1980നും 1988നും ഇടയിൽ മേമൻ കുടുംബം മച്ചിംനഗറിലെ ഒരൊറ്റ മുറി ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ 1993 മാർച്ച് 12ന് ബോംബെ നഗരത്തെ സ്ഫോടന പരമ്പരകള്‍ അരങ്ങേറവെ  മേമന്‍ കുടുംബം ലക്ഷപ്രഭുക്കളായി മാറിയിരുന്നു. മുംബൈയിലെ അൽ ഹുസൈൻ കമ്പനിയുടെ കടലിനഭിമുഖമായി സ്ഥിതിചെയ്യുന്ന ഏഴുനില കെട്ടിത്തിലെ അഞ്ചും ആറും നിലകിലുള്ള മൂന്ന് ഇരട്ട ഫ്ലാറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സും ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണവും വീട്ടില്‍ തന്നെയുണ്ടായിരുന്നു. വീട്ടിലെ പലമുറികളിലായി ലക്ഷക്കണക്കിന് രൂപയും കരുതിവെച്ചിരുന്നു.

ഫ്ലാറ്റുകൾ റെയ്ഡ് ചെയ്തപ്പോൾ വിചിത്രമായൊരു സംവിധാനം കണ്ടെത്തി. മേമൻ കുടുംബത്തിന്റെ പേരിലുള്ള മൂന്ന് ഫ്ലാറ്റുകൾ തമ്മിൽ ഇനാഴികൾ കൊണ്ടും കോണിപ്പടികൾ കൊണ്ടും ബന്ധിക്കപ്പെട്ടിരുന്നു. വീട്ടില്‍ വിലപിടിപ്പുള്ള വസ്‌തുക്കളും ഉണ്ടായിരുന്നു.  കള്ളക്കത്തുകാരനായ രജ്ജി, ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്മാരായ നൂറ, അനിസ് എന്നിവരുമായി വിവിധ കാലങ്ങളിൽ ഇയാൾ ഇടപാടുകൾ നടത്തിയത് വഴി കോടികളാണ് മേമന്‍ കുടുംബത്തില്‍ വന്നുചേര്‍ന്നത്.