മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് ഇന്ത്യ അറിഞ്ഞിട്ടും ഗൌനിച്ചില്ല

തിങ്കള്‍, 22 ഡിസം‌ബര്‍ 2014 (17:48 IST)
166 പേരുടെ ജീവനപഹരിച്ച മുംബൈ ഭീകരാക്രമണ പദ്ധതിയെക്കുറിച്ച്  ഇന്ത്യയുടെയും ബ്രിട്ടന്റെയും യുഎസിന്റെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അറിവ് കിട്ടിയിരുന്നതായി റിപ്പോര്‍ട്ട്. മൂന്ന് രാജ്യങ്ങളും ഭീകരാക്രമണ പദ്ധതി അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ എടുക്കാതിരുന്നതാണ് ഭീകരര്‍ക്ക് ആക്രമത്തിന് വഴിയൊരുക്കിയതെന്നും ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തി.

റഷ്യയില്‍ അഭയം തേടിയിരിക്കുന്ന എഡ്വാര്‍ഡ് സ്നോഡന്‍ ചോര്‍ത്തിയ രേഖകളില്‍ നിന്നാണ് മുംബൈ ഭീകരാക്രമണ പദ്ധതിയെക്കുറിച്ച് ബ്രിട്ടീഷ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നത്. ലഷ്കര്‍ ഇ തൊയിബയുടെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തിരുന്ന സറാര്‍ ഷായില്‍ നിന്നും ബ്രിട്ടന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നു. അതേസമയം തന്നെ
ഇന്ത്യയുടെയും യുഎസിന്റെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ പദ്ധതിയെക്കുറിച്ച് മനസിലാക്കിയിരുന്നു. മൂന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ആവശ്യമായ വിവരങ്ങള്‍ ലഭിച്ചിട്ടും വിവരങ്ങള്‍ ഏകോപിപ്പിച്ച് കൃത്യമായ ഒരു ധാരണയിലെത്താന്‍ കഴിയാതെ പോയതാണ് 166 പേരുടെ ജീവനപഹരിച്ച മുംബൈ ഭീകരാക്രമണ പദ്ധതി നടപ്പാകുന്നതിന് സഹായകമായത്.

എഡ്വാര്‍ഡ് സ്നോഡന്‍ ചോര്‍ത്തിയ രേഖകളില്‍ നിന്ന് ലഭിച്ച മുംബൈ ഭീകരാക്രമണ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളില്‍ വിശ്വാസ്യത തോന്നാത്തതിനാലാണ് ബ്രിട്ടീഷ് ഏജന്‍സികള്‍ ഈ വിവരം ഗൌരവത്തിലെടുക്കാതിരുന്നത്. അതേസമയം യുഎസ് ഏജന്‍സികള്‍ നിരന്തരം നല്‍കിയ വിവരങ്ങളും മുന്നറിയിപ്പുകളും ഇന്ത്യ തള്ളിക്കളയുകയായിരുന്നു. മൂന്ന് ഏജന്‍സികളും കണ്ടെത്തിയ വിവരങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വീഴ്ച് വരുത്തിയ ഇന്ത്യ അപകടം സ്വയം വിളിച്ച് വരുത്തുകയായിരുന്നു. പിന്നീട് ആക്രമണം നടന്നതിന് ശേഷം മാത്രമാണ് തങ്ങള്‍ക്ക് കിട്ടിയ വിവരം മൂന്നു രാജ്യങ്ങളും ഗൌരവത്തിലെടുത്തതും പരസ്പരം പങ്കുവച്ചതും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക