വീണ്ടും ഗിന്നസ് റെക്കോര്‍ഡിടാന്‍ മോഡി, അന്താരാഷ്ട്ര യോഗാദിനം 190 രാജ്യങ്ങളില്‍ നടക്കും

Webdunia
വ്യാഴം, 4 ജൂണ്‍ 2015 (18:18 IST)
ജൂൺ 21ന് രാജ്പഥിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള യോഗ ചടങ്ങ് ഗിന്നസ് ബുക്കിൽ ഇടംപിടിക്കും. അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ചാണ് മോഡിയുടെ പരിപാടി നടക്കാന്‍ പോകുന്നത്. ഇന്ത്യയില്‍ കൂടാതെ 190 രാജ്യങ്ങളില്‍ യോഗാ ദിനാചരണം നടക്കും.  വിദേശകാര്യമന്ത്രാലയമാണ് 190 രാജ്യങ്ങളിലെ യോഗ ചടങ്ങ് ആസൂത്രണം ചെയ്യുന്നത്. യോഗാചാര്യൻമാരെ വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ അയച്ചു. എന്നാൽ പാക്കിസ്ഥാനിലേക്കുള്ള യോഗാ ഗുരുവിന്റെ വീസ പാക്ക് ഭരണകൂടം നിഷേധിച്ചു.

മൂന്നു കാര്യങ്ങൾ ഗിന്നസ് ബുക്ക് അധികൃതർ പരിശോധിക്കണമെന്ന് ചടങ്ങിന്റെ നോഡൽ ഏജൻസിയായ ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഒരൊറ്റ വേദിയിൽ ഏറ്റവും കൂടുതൽ പേർ യോഗ ചെയ്യുന്നത്, വിവിധ രാജ്യങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ പേർ ഒരേസമയത്ത് യോഗ ചെയ്യുന്നത്, ഇന്ത്യയിലുടനീളം ഏറ്റവുമധികം പേർ ഒരേസമയത്ത് യോഗ ചെയ്യുന്നത് എന്നിങ്ങനെയാണിവ. എന്നാൽ അവസാനത്തെ രണ്ടെണ്ണം നിർണയിക്കുക പ്രയാസമേറിയതിനാൽ ഗിന്നസ് ബുക്ക് അധികൃതർ അവ തള്ളിക്കളഞ്ഞു.

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സ് നിബന്ധനയനുസരിച്ച് ഒരു ചടങ്ങിന് ഒരു പരിശീലകൻ വേണം. മൊറാർജി ദേശായി ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയിലെ ഇശ്വർ വി. ബസവറെഡ്ഡിയെയാണ് സർക്കാർ പരിശീലകനായി വയ്ക്കുന്നതെന്നാണ് സൂചനകൾ. തലസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്കു ഇപ്പോൾതന്നെ മൊറാർജി ദേശായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ പരിശീലനം നൽകിത്തുടങ്ങി. രാജ്പഥിൽ മോദിയുടെയും മറ്റു മന്ത്രിമാരുടെയുമൊപ്പം 45,000ൽ പരം ജനങ്ങളാണ് യോഗാസനങ്ങൾ ചെയ്യുക. ഇതിൽ സ്കൂൾ വിദ്യാർഥികൾ, അർധസൈനിക വിഭാഗം, എൻസിസി കേഡറ്റുകൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.കൂടാതെ, ബാബാ രാംദേവിന്റെ പതഞ്ജലി യോഗാപീഠ് രാജ്യത്ത് ഒരു ലക്ഷം സ്ഥലങ്ങളിലും വിദേശത്ത് 1,100 സ്ഥലങ്ങളിലും ചടങ്ങു സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.