മോഡിയെ കണ്ടുപഠിക്കു; ബംഗാളികളോട് രത്തന്‍ ടാറ്റ

Webdunia
വ്യാഴം, 7 ഓഗസ്റ്റ് 2014 (15:43 IST)
സിംഗൂര്‍ പ്ലാന്റ് വിഷയത്തില്‍ തൃണമൂലുമായി കൊമ്പുകോര്‍ത്ത ടാറ്റ ഗ്രൂപ്പ് മുന്‍ മേധാവി രത്തന്‍ ടാറ്റ വിണ്ടും വിവാദത്തില്‍. നരേന്ദ്ര മോഡി ഗുജറാത്തില്‍ വ്യവസായ വികസനത്തിന് ചെയ്തത് കണ്ടുപഠിക്കണമെന്ന് അദ്ദേഹം ബംഗാളികളെ ഉപദേശിച്ചതൊടെയാണ് വിവാദം കൊഴുത്തത്.

ബംഗാളില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരു വ്യവസായവും വന്നതായി തനിക്കറിയില്ല. നഗരങ്ങളില്‍ റോഡിനിരുവശവും കെട്ടിടങ്ങളും അപ്പാര്‍ട്ടുമെന്റുകളും മാത്രമാണ് ഉയരുന്നത്. ഫാക്ടറികള്‍ ഒന്നുപോലും കാണാനില്ലെന്നും ടാറ്റ പറഞ്ഞു. ബുധനാഴ്ച കൊല്‍ക്കൊത്തയില്‍ സംഘടിപ്പിച്ച സെമിനാരില്‍ വിദ്യാര്‍ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളില്‍ നിക്ഷേപത്തിന് താല്‍പര്യമില്ലെന്ന് ഒബ്‌റോയ് ഗ്രൂപ്പ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൊട്ടുപിന്നാലെ ടാറ്റയുടെ മനോനില തകരാറിലാണെന്ന് പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ ധനമന്ത്രിയുമായ അമിത് മിശ്ര രംഗത്തെത്തി.

ബംഗാളിലെ വ്യവസായ വികസനത്തെകുറിച്ച് അദ്ദേഹത്തിന് അറിവില്ലായിരിക്കാം. എന്താണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ടിസിഎസ് പുതിയ കാമ്പസില്‍ 20,000 തൊഴില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ടാറ്റ മെറ്റ്ല്ലിക്‌സ് യൂണിറ്റ് വികസിപ്പിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ട്. അനില്‍ അംബാനി ബംഗാളില്‍ നടത്തിയ നിക്ഷേപമൊന്നും ടാറ്റ കണ്ടില്ലേ? ഇതൊന്നും മനസ്സിലാക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അദ്ദേഹം തനിക്ക് താല്‍പര്യമുള്ള മറ്റു വിനോദങ്ങളില്‍ മുഴുകുന്നതാണ് നല്ലതെന്നും മിശ്ര പറഞ്ഞു.