മോഡിയെത്തുമോ ‘മഫ്ലര്‍മാന്റെ‘ സത്യപ്രതിജ്ഞയ്ക്ക് ? ക്ഷണക്കത്തയച്ച് എ‌എപി

Webdunia
ബുധന്‍, 11 ഫെബ്രുവരി 2015 (11:08 IST)
കാര്യം തനിക്ക് രാഷ്ട്രീയ തൊട്ടുകൂടായ്മ ഇല്ല എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുമെങ്കിലും ഡല്‍ഹിയില്‍ നാണം കെടുത്തിയ കെജ്രിവാളിന്റെ സത്യൊപ്രതിജ്ഞയ്ക്ക് മൊഡിയെത്തുമോ എന്ന് ഉറ്റുനോക്കുകയാണ് ദേശീയ രാഷ്ട്ര്രിയം. വന്നാലും ഇല്ലെങ്കിലും മോഡിയേയും കേന്ദ്ര മന്ത്രിമാരേയും എം‌പിമാരേയും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാനാണ് കെജ്രിവാളിന്റെയും കൂട്ടരുടെയും തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്രമന്ത്രിമാരെയും ഡല്‍ഹിയില്‍ നിന്നുള്ള എല്ലാ എംപിമാരെയും സത്യപ്രതിജ്ഞ ചടങ്ങിലേക്കു ക്ഷണിക്കുമെന്ന് എഎപി നേതാവ് മനീഷ് സിസോദിയ അറിയിച്ചിട്ടുണ്ട്.
 
എന്നാല്‍ പൂര്‍ണ്ണ സംസ്ഥാന പദവിയില്ലാത്ത ഡല്‍ഹിയുടെ ഭരണത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പിന്തുണ എത്രമാത്രമുണ്ടാകുമെന്ന സംശയമാണ് ആംആദ്മി പാര്‍ട്ടി നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. അതിനാല്‍ കേന്ദ്ര സര്‍ക്കാരിനെ അധികം പിണക്കാതിരിക്കാനാണ് സത്യപ്രതിജ്ഞാ നയതന്ത്രം എ‌എപി പയറ്റുന്നത്. ഇനി മോഡി ചടങ്ങിന് എത്തിയില്ലെങ്കില്‍ അത് മോഡിയുടെ കെജ്രിവാള്‍ വിരോധമായി വ്യാഖ്യാനിക്കപ്പെടും. എത്തിയാല്‍ അത് കെജ്രിവാളിന്റെ വിജയമായും കരുതപ്പെടും എന്നതിനാല്‍ സത്യത്തില്‍ മോഡിയും കൂ‍ട്ടരും കുടുങ്ങിയിരിക്കുകയാണ്.
 
അതേസമയം ചരിത്രം രചിച്ച ജനവിധിക്കു പിന്നാലെ ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള തിരക്കിട്ട നീക്കങ്ങളിലാണ്. ശനിയാഴ്ച്ച അരവിന്ദ് കേജ്രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ത്തവണവും സത്യപ്രതിജ്ഞാ വേദി രാം ലീലാ മൈതാനം തന്നെ. ആദ്യ മന്ത്രിസഭയില്‍ കേജ്രിവാളിനൊപ്പം ഉണ്ടായിരുന്നവരില്‍ മിക്കവരും പുതിയ മന്ത്രിസഭയിലും ഇടംപിടിച്ചേക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് ഫലംവന്നതിനു പിന്നാലെ എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് അരവിന്ദ് കേജ്രിവാളിനെ ആംആദ്മിപാര്‍ട്ടി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. ലഫറ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങിനെ കണ്ട കേജ്രിവാള്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശമുന്നയിക്കുകയും ചെയ്തു.
 
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി കൂടിക്കാഴ്ചയ്ക്ക് കേജ്രിവാള്‍ സമയം തേടിയിട്ടുണ്ട്. അതിനു പിന്നാലെ ഡല്‍ഹി ഭരണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ തേടിക്കൊണ്ട് കെജ്രിവാള്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നു. അംഗബലമില്ലാതെ 49 ദിവസത്തെ ഭരണം കേജ്രിവാളിന് ഉപേക്ഷിക്കേണ്ട വന്നത് കഴിഞ്ഞ ഫെബ്രുവരി 14 നായിരുന്നു. ഒരുവര്‍ഷത്തിനിപ്പുറം മറ്റൊരു ഫെബ്രുവരി 14ന് വന്‍ ഭൂരിപക്ഷത്തോടെ മുഖ്യമന്ത്രി കസേരയിലേക്കു തിരികെയെത്തുവെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.