മന്ത്രിസഭാ വികസനത്തോടെ വിശ്വസ്തരും തന്റെ നയങ്ങള്‍ക്കനുസരിച്ച നീക്കങ്ങള്‍ നടത്താനും കഴിയുന്നവരെ സുപ്രധാന സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ച നരേന്ദ്ര മോഡി സുപ്രധാനമായ സാമ്പത്തിക പരിഷ്കരണത്തിന് തയ്യാറെടുക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച എട്ടുശതമാനത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവാദമായേക്കാവുന്ന പല നിയമ പരിഷ്കരണങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകും.
ഭൂമി ഏറ്റെടുക്കുന്നതിലെ നടപടി ക്രമങ്ങള്‍ ലളിതമാക്കല്‍, ഏറെ നാളായി നടപ്പാക്കാന്‍ കഴിയാതിരുന്ന ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തല്‍, റെയില്‍വേയുടെ നവീകരണം, കാര്‍ഷിക ഉത്പന്ന വിപണന സംവിധാനം കരുത്തുറ്റതാക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കാന്‍ പോകുന്നത്.
വ്യവസായിക ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ മതിയായ നഷ്ടപരിഹാരം നല്‍കുന്ന ഭൂമി ഏറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്യുന്നത് പ്രതിഷേദങ്ങള്‍ക്ക് ഇടയാക്കും. കഴിഞ്ഞ യുപീ സര്‍ക്കാരാണ് ഈ നിയമം കൊണ്ടുവന്നത്. അന്ന് നിയമത്തിനെ പിന്തുണച്ച ബിജെപി ഇതില്‍ ഭേദഗതി വരുത്തുന്നത് വിവാദങ്ങള്‍ക്ക് കാരണമാകും.പൊതുസ്വകാര്യ പങ്കാളത്തത്തോടെ സ്ഥലമേറ്റെടുക്കുന്നതിന് തദ്ദേശീയരായ 80 ശതമാനം പേരുടെ സമ്മതം വേണമെന്ന നിയമമാണ് സര്‍ക്കാര്‍ ഭേദഗതിചെയ്യുന്നത്.
പരിഷ്‌കാരങ്ങള്‍ ഉടനെ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഭൂമിയേറ്റെടുക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്നേക്കും. രാജ്യത്തെ അടിസ്ഥാന സൗകര്യമേഖലിയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഭൂമി ഏറ്റെടുക്കല്‍ ചട്ടങ്ങളിലെ ഇളവിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.