കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഗിരിരാജ് സിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശാസിച്ചു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോഡി ഗിരിരാജ് സിംഗിനെ ശാസിച്ചത്. മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നാണ് മോഡി താക്കിത് ചെയ്തത് എന്നാണ് വിവരം. മീറ്റിംഗിനിടെ മോഡി സിംഗിനെ നേരിട്ട് വിളിച്ചുവരുത്തി താക്കിത് ചെയ്യുകയായിരുന്നു.
രൂക്ഷമായ വിമര്‍ശനങ്ങള്‍ കേട്ട ഗിരിരാജ് സിംഗ് മോഡിക്കു മുമ്പിൽ ഗിരിരാജ്‌സിംഗ് വിതുമ്പിയതായാണ് റിപ്പോർട്ടുകൾ. കേന്ദ്രമന്ത്രി സ്മൃതി ഇറാനി സിംഗിനെ സമാധാനിപ്പിച്ചെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാർത്ത പുറത്ത് വന്ന് മിനിറ്റുകൾക്കകം താൻ മോഡിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ കരഞ്ഞെന്ന് ആരാണ് പറഞ്ഞതെന്നും ആരാണ് അത് കണ്ടതെന്നും അദ്ദേഹം ചോദിച്ചു.
രാജീവ് ഗാന്ധി ഒരു നൈജീരിയക്കാരിയെയാണ് വിവാഹം ചെയ്തിരുന്നതെങ്കിൽ, അവരുടെ ത്വക്കിന്റെ നിറം വെളുത്തതായിരുന്നില്ലെങ്കിൽ കോൺഗ്രസ് അവരെ നേതാവായി കണക്കാക്കുമായിരുന്നോ എന്ന ഗിരിരാജ് സിംഗിന്റെ പരാമർശമാണ് വിവാദമായത്. ഇതേ തുടര്‍ന്ന് സഭയില്‍ ബഹളം ഉണ്ടാവുകയും മന്ത്രി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.