'മോഡിയുടെ കൂറ് ബഹുരാഷ്ട്ര കുത്തകകളോട്’

ബുധന്‍, 25 ജൂണ്‍ 2014 (12:06 IST)
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് കൂറ് ബഹുരാഷ്ട്ര കുത്തകകളോടാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി.  ബഹുരാഷ്ട്ര കുത്തകകളെയും കോര്‍പ്പറേറ്റുകളെയും സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. കുത്തകകളുടെയും വര്‍ഗീയ ശക്തികളുടെയും സംഗമസ്ഥാനമാണ് ബിജെപി സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. 
 
അധികാരത്തില്‍ ഒരു മാസം മാത്രം തികയ്ക്കുന്ന പുതിയ സര്‍ക്കാരിനെ അതിനിശിതമായി വിമര്‍ശിക്കാന്‍ താനില്ല. എന്നാല്‍ തുടക്കം കണ്ടാല്‍ അറിയാം പുതിയ സര്‍ക്കാരിന്റെ പോക്ക് എങ്ങോട്ടാണെന്ന്. പ്രതിരോധ രംഗത്ത് നൂറു ശതമാനം വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം രാജ്യദ്രോഹപരമാണ്. പ്രതിരോധരംഗം വിദേശ കുത്തകകള്‍ കൈയടക്കുമെന്നും ആന്റണി പറഞ്ഞു.
 
ഇന്ത്യയില്‍ മണ്ണെണ്ണയുടെ വില കൂട്ടുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമാണ്. ഇന്ത്യയില്‍ ഭൂരിഭാഗം ജനങ്ങളും മണ്ണെണ്ണ ഉപയോഗിക്കുന്നവരാണ്. ആ സാധാരണക്കാരുടെ മുതുകിലേക്ക് അധികഭാരം കയറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
വിജയവും തോല്‍വിയും കോണ്‍ഗ്രസിന് പുത്തരിയല്ല. തോറ്റെന്ന് കരുതി കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയ വനവാസത്തിന് പോവുമെന്ന് ആരും കരുതേണ്ട. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും ആന്റണി വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക