പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില, ഭൂമിയേറ്റെടുക്കാനുറച്ച് മോഡി സര്‍ക്കാര്‍

Webdunia
ചൊവ്വ, 21 ഏപ്രില്‍ 2015 (14:56 IST)
പാര്‍ലമെന്റിനുള്ളിലും പുറത്തും രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ അവഗണിച്ച് ഭൂമിയേറ്റെടുക്കന്‍ നിയമവുമായി മുന്നോട്ട് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാവിലെ ചേര്‍ന്ന ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ ബില്ലിലെ വ്യവസ്ഥകളില്‍ മാറ്റംവരുത്തേണ്ടതില്ലെന്നാണ് പ്രധാനമന്ത്രി നിലപാടെടുത്തത്. നിര്‍ദ്ദിഷ്ട ബില്ലിനെതിരെ ഉണ്ടായിരിക്കുന്ന പ്രതിഷേധങ്ങള്‍ കണ്ട്  യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. 
 
ഭൂരിപക്ഷമുള്ളതുകൊണ്ട് ലോക്സഭയില്‍ ബില്ല് പാസക്കാമെങ്കിലും രാജ്യസഭയില്‍ ബില്ല് പരാജയപ്പെടും. അതിനാല്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടാണ് സര്‍ക്കാര്‍ തീരുമാനിക്കുക എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.  ബില്ലിനെതിരെ പ്രതിപക്ഷം കൈകോര്‍ത്തുനില്‍ക്കുന്ന പശ്ചാതലത്തില്‍ സംയുക്ത സമ്മേളനം വിളിക്കുന്നതിന്റെ സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കുന്നു. അതേസമയം പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളെ മറികടന്ന് സംയുക്ത സമ്മേളനത്തിലൂടെ ബില്ല് പാസാക്കാന്‍ ശ്രമിച്ചാല്‍ രാജ്യത്തെ കര്‍ഷകരുടെ കൂട്ടായുള്ള പ്രതിഷേധം നേരിടേണ്ടിവരും എന്ന ആശങ്കയും സര്‍ക്കാരിനകത്തുണ്ട്. 
 
വിഷയത്തില്‍ മുതിര്‍ന്ന കേന്ദ്ര മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി ചര്‍ച്ച നടത്തുന്നുണ്ട്.  മോഡീസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ഇന്നലെ ലോക്‌സഭയില്‍ സംസാരിച്ച കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയത്. പ്രതിപക്ഷം ഒറ്റക്കെട്ടായി സഭയുടെ നടുത്തളത്തിലിറങ്ങി രണ്ടുതവണ സഭാനടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്തു. പണക്കാരുടെ സര്‍ക്കാര്‍ പാവപ്പെട്ട കര്‍ഷകനെ ബൂട്ടിട്ട് ചവിട്ടുന്നു എന്നതടക്കമുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ രാഹുല്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കാണ് കോണ്‍ഗ്രസ് രൂപം നല്‍കിക്കൊണ്ടിരിക്കുന്നത്. അതേസമയം സമരം പൊളിക്കാന്‍ ബിജെപി വ്യാപക ഗൃഹസമ്പര്‍ക്കത്തിനും പദ്ധതിയിട്ടിട്ടുണ്ട്.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.