ടൈംസ് മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ ഒന്നാമനായി നില്‍ക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് ഇരട്ടി മധുരമായി ഏഷ്യന്‍ ഓഫ് ദ ഇയര്‍ പുരസ്ക്കാരം തേടിയെത്തി. സിംഗപ്പൂരില്‍ നിന്നുള്ള പ്രമുഖ മാധ്യമ നെറ്റ് വര്‍ക്കായ സിംഗപ്പൂര്‍ പ്രസ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡാണ് നരേന്ദ്ര മോഡിയെ ഏഷ്യന്‍ ഓഫ് ദ ഇയര്‍ ആയി പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ വികസനത്തില്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുന്ന മോഡിയെ എക്‌സൈറ്റഡ് ലീഡര്‍ എന്നാണ് സിംഗപ്പൂര്‍ പത്രം വിശേഷിപ്പിക്കുന്നത്. ചൈനയുടെ പ്രസിഡണ്ട് ഷി ജിന്‍പിങ്, ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി ടോണി അബോട്ട് തുടങ്ങിയ പ്രമുഖരുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചകള്‍, ജപ്പാന്‍ സന്ദര്‍ശനം, മേക്ക് ഇന്ത്യ ക്യാംപെയ്ന്‍ തുടങ്ങിയ കാര്യങ്ങള്‍ പത്രം എടുത്തുപറയുന്നു.
ആദ്യമായി പ്രധാനമന്ത്രിയാകുന്ന ആളായിട്ടും ഏഷ്യയില്‍ തന്റെ അടയാളം പതിപ്പിച്ചുകഴിഞ്ഞ ആളായാണ് മോഡിയെ പത്രം വിശേഷിപ്പിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഏഷ്യയിലെ പ്രധാന ശക്തികളെ സ്വാധീനിക്കാന്‍ മോദിക്ക് കഴിയുന്നു. ഇന്ത്യയ്ക്കും നരേന്ദ്ര മോഡിക്കും എല്ലാ വിജയങ്ങളും ആശംസിക്കുന്നു - പത്രത്തിന്റെ എഡിറ്ററായ വാറന്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.
2012 മുതല്‍ എല്ലാ വര്‍ഷവും സിംഗപ്പൂര്‍ പ്രസ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് ഏഷ്യന്‍ ഓഫ് ദ ഇയറിനെ പ്രഖ്യാപിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ് ആയിരുന്നു. മോദിയുടെ കീഴില്‍ ഇന്ത്യ അടുത്ത വര്‍ഷം ചൈനയെ കടത്തിവെട്ടും എന്നാണ് കരുതപ്പെടുന്നത്.