ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞ് ആഴ്ചകള്‍ക്കപ്പുറം പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന നാല് സംസ്ഥാനങ്ങളില്‍ മോക്ഡ്രില്‍ ആരംഭിക്കാനൊരുങ്ങി ഇന്ത്യ. രാജസ്ഥാന്‍,പഞ്ചാബ്, ജമ്മു-കാശ്മീര്‍ എന്നിവിടങ്ങളിലാണ് സിവില്‍ ഡിഫന്‍സ് പരിശീലനങ്ങള്‍ ആരംഭിക്കുന്നത്. മെയ് 30 മുതല്‍ വ്യാപകമായ രീതിയില്‍ ഈ സംസ്ഥാനങ്ങളില്‍ മോക്ഡ്രില്‍ നടത്തും. ഇതിനൊപ്പം ഹരിയാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഷീല്‍ഡ് പദ്ധതിയും നാത്തുന്നുണ്ട്.ഹരിയാണയുടെ അടിയന്തരപ്രതിസന്ധി പ്രതികരണ ശേഷികള്‍ മെച്ചപ്പെടുത്താനും വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തമാക്കാനുമായാണ് ഓപ്പറേഷന്‍ ഷീല്‍ഡ് സംഘടിപ്പിക്കുന്നത്.
ഇതിന് പുറമെ ഹരിയാനയിലെ പ്രധാന ഭാഗങ്ങളില്‍ രാത്രി 8 മണിക്ക് 15 മിനിറ്റ് നേരം നിയന്ത്രിത ബ്ലാക്കൗട്ട് നടത്താനും നിര്‍ദേശമുണ്ട്. പാകിസ്ഥാനുമായി യുദ്ധസാദ്ധ്യത വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യ നടത്തിയ ''ഓപ്പറേഷന്‍ സിന്ദൂര്‍' അവസാനിച്ചതിന് ശേഷവും പരിശീലനങ്ങള്‍ തുടരാനാണ് കേന്ദ്ര തീരുമാനം. അതിര്‍ത്തിയിലെ സംസ്ഥാനങ്ങളിലെ ജനങ്ങളില്‍ ബോധവത്കരണവും യുദ്ധസമാനമായ സാഹചര്യത്തെ നേരിടാന്‍ തയ്യാറാക്കുന്നതിന്റെയും ഭാഗമായി എയര്‍ റെയ്ഡ് സൈറണ്‍ പരീക്ഷണങ്ങളും, ഒഴിപ്പിക്കല്‍ നടപടികളുമടക്കമുള്ളവയാണ് നടക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ പദ്ധതികളില്‍ സിവില്‍ ഡിഫന്‍സ് സംവിധാനം പ്രധാന പങ്ക് വഹിക്കുന്നതിനാല്‍ ഇത്തരം വ്യാപക പരിശീലനങ്ങള്‍ അത്യന്തം ആവശ്യമാണ്. ഭാവിയില്‍ ഇത്തരം നീക്കങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.