പ്രതിഷേധവുമായി സ്റ്റാലിന്‍; മറീനയില്‍ സ്റ്റാലിന്‍ നിരാഹാരസമരം ആരംഭിച്ചു; സംസ്ഥാനത്ത് ഡി എം കെ പ്രവര്‍ത്തകരുടെ പ്രതിഷേധം

Webdunia
ശനി, 18 ഫെബ്രുവരി 2017 (16:23 IST)
പ്രതിപക്ഷത്തെ പുറത്താക്കി നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തിയതില്‍ ശക്തമായ പ്രതിഷേധമവുമായി പ്രതിപക്ഷമായ ഡി എം കെ. പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന്‍ മറീന കടല്‍ക്കരയിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം നിരാഹാരം ആരംഭിച്ചു. ദയാനിധി മാരന്‍, കനിമൊഴി തുടങ്ങിയ മുതിര്‍ന്ന നേതാക്കളും അണികളും സ്റ്റാലിനൊപ്പം മറീന കടല്‍ക്കരയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
 
അതേസമയം, പ്രതിപക്ഷത്തെ പുറത്താക്കി വിശ്വാസവോട്ടെടുപ്പ് നടത്തിയതില്‍ തമിഴ്നാട്ടില്‍ ഡി എം കെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബസിനു നേരെ കല്ലേറ്‌ ഉണ്ടായി. കടകള്‍ അടച്ചു. പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു.
 
അതേസമയം, ധര്‍മ്മയുദ്ധം തുടരുമെന്ന് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം പറഞ്ഞു. രണ്ടു കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. റിസോര്‍ട്ടില്‍ ബന്ധികളാക്കപ്പെട്ട എം എല്‍ എമാരെ സ്വന്തം മണ്ഡലങ്ങളില്‍ പോകാന്‍ അനുവദിക്കണമെന്നും വിശ്വാസ വോട്ടെടുപ്പില്‍ രഹസ്യവോട്ടെടുപ്പ് നടത്തണമെന്നുമാണ് ആവശ്യപ്പെട്ടത്. ഇത് രണ്ടും അനുവദിച്ചില്ല. മാത്രമല്ല, പ്രതിപക്ഷത്തെ പുറത്താക്കിയതിനുശേഷം ഏകപക്ഷീയമായി വിശ്വാസ വോട്ടെടുപ്പ് നടത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Next Article