പ്രമുഖ ബോളിവുഡ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് എം പിയുമായ മിഥുന്‍ ചക്രവര്‍ത്തി എന്‍ ഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റിനു മുന്നില്‍ കീഴടങ്ങി. ശാരദ ഗ്രൂപ്പിൽ നിന്ന് ലഭിച്ച 1.19 കോടി രൂപ അദ്ദേഹം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തിരിച്ചു നല്കി.
മിഥുന്‍ ചക്രവര്‍ത്തിക്കു വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അടങ്ങുന്ന പ്രതിനിധികള്‍ ആണ് എന്‍ഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് ഓഫീസില്‍ എത്തി 1.19 കോടി രൂപയുടെ ഡ്രാഫ്റ്റ് നിക്ഷേപിച്ചത്. ശാരദ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു ടിവി ചാനലിലെ പരിപാടിയിൽ പങ്കെടുത്തതിനായിരുന്നു അദ്ദേഹത്തിന് ഈ തുക പ്രതിഫലമായി ലഭിച്ചത്.
അറുപത്തിയഞ്ചുകാരനായ മിഥുൻ ചക്രവർത്തിയെ ശാരദ ചിട്ടി ഫണ്ട് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ശാരദ ഗ്രൂപ്പുമായുള്ള തന്റെ ബന്ധം തികച്ചും ഔദ്യോഗികമാണെന്നും തട്ടിപ്പുകേസിൽ തനിക്ക് ഇടപാടുകളില്ലെന്നും ചോദ്യം ചെയ്യലില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.