മിനിമം ബാലൻസില്ലെന്ന ന്യായം പറഞ്ഞ് അക്കൗണ്ട് ഉടമകളിൽ നിന്ന് ബാങ്കുകൾ പിഴയായി ഈടാക്കിയത് 2320 കോടി രൂപ. 2017 ഏപ്രില്‍മുതല്‍ നവംബര്‍ വരെയാണ് അക്കൗണ്ട് ഉടമകളിൽ നിന്ന് ബാങ്കുകൾ ഇത്രയും തുക ഈടാക്കിയത്. ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയാണ് ഏറ്റവും കൂടുതല്‍ തുക ഈടാക്കിയത്.
ഈ ഇനത്തിൽ മാത്രമായി 1,771 കോടി രൂപയാണ് എസ്.ബി.ഐ പിഴിഞ്ഞെടുത്തത്. ഏപ്രിൽ മുതല്‍ സെപ്തംബർ വരെയുള്ള കാലയളവിലെ ബാങ്കിന്റെ ലാഭമായ 3586 കോടി രൂപയുടെ പകുതിയോളമാണ് പിഴയായി ഈടാക്കിയത്. ജൂലായ് മുതല്‍ സെപ്തംബർ പാദത്തിൽ എസ് ബി.ഐയുടെ അറ്റാദായത്തേക്കാൾ കൂടുതൽ വരുമാനവും ഇതോടെ ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പിഴ ഈടാക്കിയ വകയിൽ പഞ്ചാബ് നാഷണൽ ബാങ്കിനാണ് രണ്ടാം സ്ഥാനം. 97.34 കോടി രൂപയാണ് അവര്‍ ഈടാക്കിയത്. സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ (68.67കോടി), കാനറാ ബാങ്ക് (62.16 കോടി)യും അക്കൗണ്ട് ഉടമകളിൽ നിന്ന് പിഴിഞ്ഞെടുത്ത്. പൊതുമേഖലാ ബാങ്കുകളിൽ പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് മാത്രമാണ് ഇക്കാലയളവിൽ മിനിമം ബാലൻസിന്റെ പേരിൽ പിഴ ഈടാക്കാത്തത്.