തിളച്ച സാമ്പാറില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ അഞ്ചുവയസുകാരന്‍ മരിച്ചു. സ്കൂളിലെ ഉച്ചഭക്ഷണത്തിനായി തയാറാക്കി വച്ച തിളച്ച സാമ്പാറിൽ വീണാണ് തെലുങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബി ജയവര്‍ധന്‍ മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് സംഭവം.
ഉച്ചഭക്ഷണത്തിനായി മറ്റു കുട്ടികൾക്കൊപ്പം വരിനിൽക്കുന്നതിനിടെയാണ് അപകടം. വരിയില്‍ നിന്ന കുട്ടികള്‍ക്കിടയില്‍ ഉന്തുംതള്ളും ഉണ്ടായപ്പോള്‍ ജയവര്‍ധന്‍ സാമ്പാര്‍ പാത്രത്തില്‍ വീഴുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ ആദ്യം നൽഗോണ്ടയിലെ ആശുപത്രിയിലും പിന്നീട് ഹൈദരാബാദിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എങ്കിലും ശനിയാഴ്ച വൈകിട്ടോടെ കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു.
സ്‌കൂളില്‍ 201 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരുമാണ് ഉള്ളത്. ഈ സംഭവുമായി ബന്ധപ്പെട്ട് സ്കൂൾ ഹെഡ്മാസ്റ്ററെയും ഒരു അധ്യാപകനേയും സസ്പെൻഡ് ചെയ്തു. മരിച്ച കുട്ടിയുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരംഗത്തിന് ജോലിയും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.