‘ആദിവാസികളുടെ നില്‍പ്പ് സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം’

Webdunia
ബുധന്‍, 5 നവം‌ബര്‍ 2014 (15:33 IST)
സെക്രട്ടറിയേറ്റ് പടിക്കല്‍ ആദിവാസികള്‍ നടത്തുന്ന നില്‍പ്പ് സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍. മുത്തങ്ങ സമരത്തിനു ശേഷം ആദിവാസി ദളിത് സമര സമിതിയും സര്‍ക്കാരുമായി ഒപ്പിട്ട കരാര്‍ നടപ്പിലാക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് അന്തര്‍ദേശീയ വേദികളില്‍ പോലും ശ്രദ്ധ കിട്ടുമ്പോള്‍ ജനാധിപത്യം പുലരുന്ന കേരളത്തില്‍ നില്‍പ് സമരം തുടരുന്നത് ശരിയല്ലെന്നും മേധാപട്കര്‍ ആവശ്യപ്പെട്ടു.
 
ആദിവാസി ഭൂമി പാക്കേജ് നടപ്പാക്കണമെന്നും മാവോയിസ്റ്റ് വേട്ടയുടെ മറവില്‍ ആദിവാസി ഊരുകളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ആദിവാസികള്‍ നില്‍പ്പ് സമരം ആരംഭിച്ചത്. 2003ല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ആദിവാസി സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അംഗീകരിച്ച ഭൂമി പാക്കേജ് നടപ്പിലാക്കണമെന്നായിരുന്നു ഗോത്രമഹാസഭയുടെ പ്രധാന ആവശ്യം. 
 
ഒരേക്കര്‍ മുതല്‍ 5 ഏക്കര്‍ വരെ ഭൂമി നല്‍കാമെന്നായിരുന്നു അന്ന് സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ അത് നടപ്പിലായില്ലെന്ന് മാത്രമല്ല ആദിവാസികള്‍ക്കായി കണ്ടെത്തിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു. കരാറിന്റെ ഭാഗമായി ഏറ്റെടുത്ത ആറളം ഫാമിലെ ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് പൈനാപ്പിള്‍ കൃഷിക്ക് പാട്ടത്തിനു കൊടുത്തതോടെയാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നില്‍പ്പ് സമരം നടത്താന്‍ ആദിവാസികള്‍ തീരുമാനിച്ചത്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.