ചിത്തൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ കടാരി അനുരാധ വെടിയേറ്റു മരിച്ചു

ചൊവ്വ, 17 നവം‌ബര്‍ 2015 (16:57 IST)
ആന്ധ്രാപ്രദേശിലെ ചിത്തൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ കടാരി അനുരാധ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. ബുര്‍ഖ ധരിച്ചെത്തിയ അഞ്ച് അംഗ സംഘം ഇവരെ ഓഫീസില്‍ വെച്ചാണ് ആക്രമിച്ചത്. കത്തി കൊണ്ട് കുത്തിയതിനു ശേഷം വെടി വെയ്ക്കുകയായിരുന്നു. അനുരാധയുടെ ഭര്‍ത്താവും തെലുഗു ദേശം പാര്‍ട്ടി നേതാവുമായ മോഹന്‍ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.
 
ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു നാടിനെ നടുക്കിയ സംഭവം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഓഫീസില്‍ എത്തിയ സംഘം അനുരാധയെ വധിക്കുകയായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ അക്രമികള്‍ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.കൊലപാതകികള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
 
കൊലപാതകികള്‍ ബംഗളൂരുവില്‍ നിന്ന് എത്തിയവരാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.

വെബ്ദുനിയ വായിക്കുക