വനിതാ ജീവനക്കാര്‍ക്ക് ഇനി മുതല്‍ പ്രസവാവധി എട്ടുമാസം

Webdunia
വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (19:19 IST)
വനിതാ ജീവനക്കാര്‍ക്ക് ഇനി മുതല്‍  പ്രസവാവധി എട്ടുമാസം.  ഇത് സംബന്ധിച്ച്   നിര്‍ദ്ദേശം കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മേനക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കു സമര്‍പ്പിച്ചു. നിലവില്‍ 180 ദിവസമാണ്  വനിതാ ജീവനക്കാര്‍ക്ക്  പ്രസവാവധി നല്‍കുന്നത്, അതായത് ആറു മാസം. ഇനിമുതല്‍ പ്രസവാവധി എട്ട് മാസമാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. പ്രസവത്തിനുമുന്‍പ് ഒരു മാസവും പ്രസവത്തിനുശേഷം ഏഴുമാസവും ഇനി എടുക്കാം. വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഈ നിര്‍ദ്ദേശം പ്രധാനമന്ത്രി അംഗീകരിച്ചെന്നാണ് സൂചന. 
 
തുടര്‍ന്ന് നിര്‍ദ്ദേശം ക്യാബിനറ്റ് സെക്രട്ടറിക്ക് അയച്ചു. ഇതേക്കുറിച്ച് വിശദമായി ചര്‍ച്ച നടത്താന്‍ സെക്രട്ടറിമാരുടെ ഉപസമിതിക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം ഇത് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, മറ്റു സ്ഥാപനങ്ങളിലും ഈ നിര്‍ദ്ദേശം നടപ്പാക്കണമെന്നാണ് വനിതാ ശിശുക്ഷേമവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, പ്രസവാവധി നീട്ടാന്‍ 1961 ലെ മറ്റേര്‍ണിറ്റി ബെനിഫിറ്റ് ആക്ടില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്.