രൂപേഷടക്കമുള്ള മാവോയിസ്‌റ്റ് നേതാക്കള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം; ഒരു വർഷത്തേക്ക് ജാമ്യമില്ല

Webdunia
ശനി, 18 ജൂലൈ 2015 (17:50 IST)
മാവോയിസ്റ്റ് നേതാവ് രൂപേഷിനും ഭാര്യ ഷൈനയുമടക്കം അഞ്ചുപേർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. ഇതോടെ കോയമ്പത്തൂർ ജയിലിൽ കഴിയുന്ന ഇവർക്ക് ഒരു വർഷത്തേക്ക് ജാമ്യം ലഭിക്കില്ല. ഇവരെ കൂടാതെ  കണ്ണന്‍, വീരമണി, അനൂപ് എന്നിവർക്കെതിരെയും ദേശീയ സുരക്ഷാ നിയമം ചുമത്തി. ഇവര്‍ക്കും ഒരു വര്‍ഷത്തേക്ക് ജാമ്യം ലഭിക്കില്ല.

അറസ്റ്റിലായ അഞ്ചുപേരും മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസങ്ങളിലായി പ്രത്യേകം പ്രത്യേകം ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. നിലവിൽ കോയമ്പത്തൂർ സെൻട്രൽ ജയിലിലാണ് അഞ്ചുപേരുമുള്ളത്.

കേരള, തമിഴ്നാട്, ആന്ധ്ര പൊലീസ് സേന നടത്തിയ സംയുക്‍ത നീക്കത്തില്‍ കഴിഞ്ഞ മെയ് നാലിന്  കോയമ്പത്തൂരിലെ കരുമത്താംപട്ടിയിൽ നിന്ന് രൂപേഷടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ അന്നൂര്‍ റോഡിലുള്ള കരിമത്താംപെട്ടിയിലെ ഒരു ചായക്കടയില്‍ നിന്നാണ് ആന്ധ്രപൊലീസിന്‍റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് വിരുദ്ധ സേന സംഘത്തെ പിടി കൂടിയത്.