27കോടിയുടെ മയക്കുമരുന്നുമായി ബിജെപി നേതാവ് അറസ്റ്റില്‍; ആയുധങ്ങളും പിടിച്ചെടുത്തു
വ്യാഴം, 21 ജൂണ്‍ 2018 (13:13 IST)
27 കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി ബിജെപി നേതാവ് പിടിയില്‍. ബിജെപി നേതാവും ബിജെപി നേതാവും മണിപ്പൂര്‍ ചാന്ദല്‍ ജില്ലയിലെ സ്വയം ഭരണാധികാരമുളള ജില്ലാ കൗണ്‍സില്‍ ചെയര്‍മാനുമായ ലട്ട്ഖോസി സുവിനെയാണ് നാര്‍ക്കോട്ടിക്സ് വിഭാഗം അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം ഏഴുപേര്‍ പിടിയിലായി.
രഹസ്യവിവരത്തെ തുടര്‍ന്നാണ് ലങ്കോലിലെ ഗെയിം വില്ലേജിലെ ലട്ട്ഖോസിയുടെ വീട്ടില്‍ പൊലീസും നാര്‍ക്കോട്ടിക്സ് സംഘവും പരിശോധന നടത്തിയത്. തിരച്ചിലില്‍ രണ്ട് സ്യൂട്ട് കേസുകളിലായി സൂക്ഷിച്ചിരുന്ന മയക്കു മരുന്നുകള്‍ കണ്ടെടുക്കുകയായിരുന്നു.
4.5 കിലോ ഹെറോയിന്‍, 28 കിലോഗ്രാം മയക്കുമരുന്ന് ഗുളിക, 57.18 ലക്ഷം രൂപ, 95,000 രൂപയുടെ നിരോധിച്ച നോട്ടുകള്‍, രണ്ട് തോക്കുകളും, രണ്ട് തോക്ക് ലൈസന്‍സ് ബുക്ക് എന്നിവയും നാര്‍ക്കോട്ടിക്സ് സംഘം പിടിച്ചെടുത്തു. തുടര്‍ന്ന് ലട്ട്ഖോസി ഉള്‍പ്പെടയുള്ള ഏഴുപേരെ പൊലീസ് പിടികൂടുകയായിരുന്നു.