ജമ്മു കശ്മീരിലെ പിഡിപി - ബിജെപി കൂട്ടുമുന്നണി തകര്‍ന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവച്ചു. പിഡിപിയുമായുള്ള സഖ്യത്തിൽനിന്നു പിൻമാറുന്നതായി ബിജെപി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണു തീരുമാനം.
മെഹ്ബൂബ രാജിക്കത്ത് ഗവർണർക്ക് കൈമാറി. ഇതോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കളമൊരുങ്ങി. എന്നാല്‍ ആറ് മാസത്തേക്ക് ഗവർണറുടെ ഭരണം ഏർപ്പെടുത്തണമെന്നും അതിനുള്ളിൽ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ മാത്രം രാഷ്ട്രപതി ഭരണം മതിയെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കശ്മീരിൽ പിഡിപിയുമായി സഖ്യത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. മുതിർന്ന നേതാവ് ഗുലാം നബി ആസാദാണ് ഇക്കാര്യം പറഞ്ഞത്.
ബിജെപിയും പിഡിപിയും തമ്മിലുണ്ടായിരുന്നത് അവിശുദ്ധ കൂട്ടുകെട്ടായിരുന്നെന്നും ഏതു നിമിഷവും ഈ സഖ്യത്തിന്റെ തകർച്ച പ്രതീക്ഷിച്ചിരുന്നതായും ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രതികരിച്ചു.
മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് വ്യക്തമാക്കിയിരുന്നു.
കത്തുവ സംഭവത്തിനു ശേഷം ഇരുപാര്‍ട്ടികളും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളാണ് സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് വഴിവച്ചത്. പിന്നാലെ കാശ്മീരിലെ സംഘർഷങ്ങളും തീവ്രവാദ - വിഘടനവാദ പ്രവർത്തനങ്ങളിലുണ്ടായ വർദ്ധനയും ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു.
രാം മാധവിന്റെ പത്രസമ്മേളനം:-
പിഡിപിയുമായി സഖ്യം തുടരാനാകാത്ത സാഹചര്യമാണ് വന്നുചേർന്നിരിക്കുന്നത്. ഭീകരവാദവും അക്രമവും മറ്റും വളരെയധികം വർധിച്ചിരിക്കുന്നു. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇതു നിലനിർത്താനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുമാണ് ഈ തീരുമാനമെന്നും രാം മാധവ് കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്‌മീരിലെ പൗരന്മാരുടെ അടിസ്ഥാനപരമായ അവകാശങ്ങൾ അപകടത്തിലാണ്. മാധ്യമപ്രവർത്തകനായ ഷുജാത്ത് ബുഖാരിയുടെ കൊലപാതകം ഇതിന് ഉദാഹരണമാണെന്നും രാം മാധവ് പറഞ്ഞു. ഇന്ത്യയുടെ ആകെയുള്ള സുരക്ഷയും അഖണ്ഡതയും പരിഗണിച്ചാണു തീരുമാനം. സംസ്ഥാനത്തിന്റെ ഭരണം ഗവർണർക്കു കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.