അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുക്കൊണ്ട് മഹാരാഷ്ട്രയില്‍ ബിജെപി - ശിവസേന സഖ്യം യാഥാര്‍ഥ്യമാകുന്നു. ഈ വിഷയത്തില്‍ വ്യക്തത കൈവരുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മുംബൈയില്‍ ഒരു സ്വകാര്യ ചടങ്ങിനെത്തുന്ന പ്രധാനമന്ത്രിയുമായി ഉദ്ധവ് താക്കറെ നടത്തുന്ന ചര്‍ച്ചയിലൂടെ ദിവസങ്ങള്‍ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ അവസാനിക്കുകയാണ്.
എന്നാല്‍ മന്ത്രി സ്ഥാനങ്ങള്‍ സംബന്ധിച്ചോ ഉപമുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്കു നല്‍കുന്നതു സംബന്ധിച്ചോ ഇതുവരെ തീരുമാനങ്ങളൊന്നുമായിട്ടില്ല. അതേസമയം, മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് ശിവസേന.
അതേസമയം തിങ്കളാഴ്ച മഹാരാഷ്ട്രയില്‍ ബിജെപി നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കും. സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ സജീവ പരിഗണനയിലുള്ളത്. എന്നാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ ഇല്ലെന്നാണ് ഗഡ്കരിയുടെ നിലപാട്.