നിരോധനങ്ങള്‍ നീങ്ങി, മാഗി വരുന്നു, വീണ്ടും വിപണി പിടിക്കാന്‍

Webdunia
ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (15:17 IST)
മാഗി നൂഡില്‍‌സ് വീണ്ടും വിപണിയിലെത്താന്‍ പോകുന്നു. നവംബറില്‍ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും മാഗി വില്‍പ്പനയ്ക്കെത്തും. മുംബൈ കോടതി നിര്‍ദ്ദേശിച്ച പ്രകാരമുള്ള പരിശോധനകളില്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയതോടെയാണ്‌ മാഗി തിരിച്ചുവരാന്‍ ഒരുങ്ങുന്നത്.

ഇതിനായുള്ള ഉത്‌പാദനം ആരംഭിച്ചതായി നെസ്ലെ കമ്പനി അറിയിച്ചു. നേരത്തെ കര്‍ണ്ണാടകയിലും, ഗുജറാത്തിലും മാഗിയ്ക്കുള്ള നിരോധനം നീക്കിയിരുന്നു. മൂന്നു ലാബുകളിലായി ആറ്‌ വ്യത്യസ്‌ത രുചികളിലുള്ള മാഗി നൂഡില്‍സിന്‍റെ 90 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്ന് മാഗി സുരക്ഷിതമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും വിപണിയിലെത്താന്‍ അനുമതി ലഭിച്ചിരിക്കുന്നത്.

വര്‍ദ്ധിച്ച തോതില്‍ ഈയത്തിന്റെ അളവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യവ്യാപകമായി മാഗിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. മാഗിയുടെ നിരോധനം ആഗോള തലത്തില്‍ തന്നെ നെസ്ലെയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. ഇന്ത്യയില്‍ നിര്‍മ്മിച്ച മാഗിയുടെ നൂഡി‌ല്‍‌സ് പിന്നീട് പല രാജ്യങ്ങളും നിരോധിക്കുകയോ വിലക്കുകയോ ചെയ്തത് നെസ്ലെയ്ക്ക് തിരിച്ചടിയുണ്ടാക്കിയിരുന്നു.