മാഗിയിലെ അപകടം വിളിച്ചുപറഞ്ഞ് ധീരന്‍ ഇതാ ഇവിടെയുണ്ട്...

Webdunia
വെള്ളി, 5 ജൂണ്‍ 2015 (18:09 IST)
കുറഞ്ഞ സമയത്തിനുള്ളില്‍ വയര്‍ നിറയെ ഭക്ഷണം മോഹിപ്പിക്കുന്ന വാഗ്ദാനവുമായി വിപണിയേയും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഇടത്തരക്കാരേയും കീഴടക്കിയ നെസ്ലേയുടെ മാഗി നൂഡില്‍‌സിന് കിടുക്കന്‍ പണി കിട്ടിയത് ഉത്തര്‍പ്രദേശില്‍നിന്നാണ്. തുടര്‍ന്ന് പല സംസ്ഥാനങ്ങളില്‍ നിന്നും മാഗിയിലെ അപകടം പുറത്തായി. വെറും അഞ്ചു രൂപയുടെ പാക്കറ്റ് മുതല്‍ കൂടിയ വിലകള്‍ക്ക് വരെ വിപണിയില്‍ ലഭ്യമായിരുന്ന മാഗിയുടെ അപകടം കണ്ടെത്തിയത് ആരാണെന്നറിയാമോ?

ബരബാങ്കിയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനായ സഞ്ജയ് സിംഗ്. ഇദ്ദേഹമാണ് 1300 കോടിയിലേറെ ആസ്തിയുള്ള ആഗോള കുത്തകയായ നെസ്ലെ കാണിച്ച കൊടും പാതകം സധൈര്യ്ം ലോകത്തൊട് വിളിച്ചുപറഞ്ഞത്. സാധാരണ പോലെ പരിശോധനകള്‍ക്കായി സാമ്പിളുകള്‍ ശേഖരിക്കുന്നതിനിആടെ യാദൃശ്ചികമായാണ് സഞ്ജയ് സിംഗ് മാഗി നൂഡില്‍‌സിന്റെ പായ്ക്കറ്റും എടുത്തത്. പരിശോധനകള്‍ നടക്കുന്നതിനിടെ അദ്ദേഹം ഞെട്ടിപ്പോയി. രുചികൂട്ടാനായി മാഗിയില്‍ അടങ്ങിയ വസ്തുക്കള്‍ ജനങ്ങള്‍ക്ക് മാരകമായ അസുഖങ്ങള്‍ വരുത്തുന്നവയാണെന്ന് അദ്ദേഹം കണ്ടെത്തി.

തുടര്‍ന്ന് താമസിച്ചില്ല് പരീക്ഷണങ്ങളുടെ കൃത്യതയ്ക്കായി ഇദ്ദേഹം സാമ്പിളുകള്‍ കൊല്‍ക്കത്തയിലെ സെന്‍‌ട്രല്‍ ഫുഡ് ലാബോറട്ടറിയില്‍ വീണ്ടും പരിശോധന നടത്തി. അവിടെ നിന്നു ലഭിച്ച ഫലവും വ്യത്യസ്തമായിരുന്നില്ല. ഇതേത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ വിവിധ കടകളില്‍ നിന്നു മാഗിയുടെ സാമ്പിളുകള്‍ വീണ്ടും ശേഖരിച്ചു പരിശോധന നടത്തി. ഇതിന്റെ പരിശോധനാഫലവും മാഗിക്കെതിരായിരുന്നു. ഇതോടെ ഇദ്ദേഹം മാഗിയെ നിരോധിക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുകയായിരുന്നു. വിവരം ഇദ്ദേഹം പുറം ലോകത്തോട് വിളിച്ചു പറഞ്ഞതോടെ ഭക്ഷ്യസുരക്ഷാ പരിശോധനയും മുറക്ക് നടന്നു.

മിക്കയിടത്തും മാഗിയിലെ മായം കണ്ടെത്തി. ഇതോടെ ഓരോ സംസ്ഥാനങ്ങളായി മാഗിയെ നിരോധിച്ചു തുടങ്ങി. ഒടുവില്‍ നെസ്‍ലെ തന്നെ പ്രഖ്യാപിച്ചു, വിപണിയില്‍ നിന്നു മാഗി പിന്‍വലിക്കുകയാണെന്ന്. ഇതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവും വന്നു. മാഗി ന്യൂഡില്‍സ് രാജ്യവ്യാപകമായി നിരോധിച്ചു. രുചി കൂട്ടാനുള്ള രാസപദാര്‍ഥങ്ങളാണ് മാഗിക്ക് വില്ലനായത്. ഇതിന്റെ അമിതമായ ഉപയോഗം കാലക്രമേണ ഉപഭോക്താക്കളില്‍ കോശങ്ങളുടെ നാശത്തിനും ഫൈബ്രോമയാള്‍ജിയ രോഗത്തിനും ഇടയാക്കും. കലശലായ തലവേദന, സംഭ്രമം, ശ്രദ്ധക്കുറവ് തുടങ്ങിയ അവസ്ഥകളിലേക്കും ഇതിന്റെ ഉപയോഗം നയിക്കുമെന്ന് സഞ്ജയ് പറയുന്നു.

ലക്‍നോവില്‍ നിന്നു ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ബിരുദാനന്തരബിരുദവും പിഎച്ച്ഡിയും നേടിയ ശേഷമാണ് സഞ്ജയ് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ജോലിക്ക് പ്രവേശിക്കുന്നത്. 1998 ല്‍ ജോലിയില്‍ പ്രവേശിച്ച സഞ്ജയ് 2003 മുതല്‍ ബരബാങ്കിയിലെ ഭക്ഷ്യസുരക്ഷാ ഓഫീസറാണ്. ഇദ്ദേഹത്തിന്റെ ഒറ്റയാള്‍ പോരാട്ടമാണ് വിഷം തിന്നുകൊണ്ടിരുന്ന ഒരു ജനതയെ അതില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ സഞ്‌ജയ് സിംഗ് തന്റെ ദൌത്യം അവസാനിപ്പിച്ചിട്ടില്ല. ധീരമായ നിയമനടപടികളുമായി സഞ്ജയ് സിങ് മുന്നോട്ടു തന്നെ നീങ്ങുകയാണ്.