വിശ്വാസവോട്ടെടുപ്പിന് മുമ്പേ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവെച്ചു

അഭിറാം മനോഹർ

വെള്ളി, 20 മാര്‍ച്ച് 2020 (12:49 IST)
മധ്യപ്രദേശ് മുഖ്യമന്ത്രി കമാൽനാഥ് രാജിവെച്ചു. ഇതോടെ 15 മാസമായി ഭരണത്തിലിരുന്ന കോൺഗ്രസ് സർക്കാർ താഴെ വീണു. നിയമസഭയിൽ ഇന്ന് വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് കമൽ നാഥ് രാജിവെച്ചത്. ഒരു മണിക്ക് ഗവർണർക്ക് കമൽനാഥ് രാജിക്കത്ത് കൈമാറും.
 
സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് മധ്യപ്രദേശിൽ രാഷ്ട്രീയപ്രതിസന്ധി ആരംഭിച്ചത്.രാജിവെച്ച 22 എംഎല്‍എമാരില്‍ 16 പേരുടെ രാജി  വ്യാഴാഴ്ച രാത്രി സ്പീക്കര്‍ എന്‍.പി. പ്രജാപതി സ്വീകരിച്ചിരുന്നു.ഇതോടെ നിയമസഭയിൽ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 98 ആയി ചുരുങ്ങി.ബിജെപിക്ക് 107 അംഗങ്ങളുണ്ട്.
 
സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തിയെന്ന് കമൽനാഥ് രാജിവെച്ച ശേഷം പത്രസമ്മേളനത്തിൽ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾ ലംഘിച്ചുകൊണ്ട് ബിജെപി ജനങ്ങളെ വഞ്ചിച്ചുവെന്നും കമൽനാഥ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍