കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി,ജോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക്? പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

അഭിറാം മനോഹർ

ചൊവ്വ, 10 മാര്‍ച്ച് 2020 (11:26 IST)
മധ്യപ്രദേശ് കോൺഗ്രസിൽ വിമതസ്വരം പരസ്യമാക്കിയ ജോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേരുമെന്ന് സൂചന. കഴിഞ്ഞ ദിവസം രാത്രി സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.സിന്ധ്യയുടെ കൂടുമാറ്റത്തെ പ്രധാനമന്ത്രി പിന്തുണച്ചതായും വിമത എം എൽ എമാരുമായി സിന്ധ്യ ബിജെപിയിൽ ചേർന്നേക്കുമെന്നുമാണ് റിപ്പോർട്ടുകൾ.മധ്യപ്രദേശില്‍ നേരിയ ഭൂരിപക്ഷത്തിന് ഭരിക്കുന്ന കമല്‍നാഥ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയാണ് ജ്യോതിരാദിത്യ സിന്ധ്യയും അദ്ദേഹത്തെ അനുകൂലിക്കുന്ന 17 പേരും മുങ്ങിയത്.
 
രാജ്യസഭാ സീറ്റ്, പിസിസി അധ്യക്ഷ സ്ഥാനം തുടങ്ങിയ വിഷയങ്ങളെ ചൊല്ലി കമൽനാഥുമായി അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് സിന്ധ്യ കോൺഗ്രസ്സുമായി ഇടഞ്ഞത്. തുടർന്ന് തന്നോടൊപ്പം നിൽക്കുന്ന 17 എംഎല്‍എമാരെ ബെംഗളൂരുവിലേക്ക് മാറ്റിയാണ് സിന്ധ്യ വിമതസ്വരം പരസ്യമാക്കിയത്. അനുരഞ്ജനത്തിനായി കോണ്‍ഗ്രസ് നേതൃത്വം തിരക്കിട്ട ശ്രമങ്ങള്‍ നടത്തിയെങ്കിലും ചർച്ചക്ക് സിന്ധ്യ തയ്യാറായിരുന്നില്ല.ഇതിനിടെയാണ് സിന്ധ്യ ബിജെപി നേതൃത്വത്തെ സന്ദർശിച്ചതായും ബിജെപിയിൽ ചേർന്നേക്കുമെന്ന വാർത്തകളും പുറത്തുവരുന്നത്.
 
അതേസമയം, സിന്ധ്യയെ ബന്ധപ്പെടാനാകുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് പറഞ്ഞു. പന്നിപ്പനി ബാധിച്ചതുമൂലം സിന്ധ്യ ആരുമായും ബന്ധപ്പെടുന്നില്ലെന്നാണ് പറയുന്നത്. കോൺഗ്രസ്സിന്റേത് ആഭ്യന്തരപ്രശ്‌നമാണെന്നും എംഎല്‍എമാരെ റാഞ്ചാന്‍ ബിജെപി ശ്രമിക്കുന്നില്ലെന്നും മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
 
ജ്യോതിരാദിത്യ സിന്ധ്യയുടെ അപ്രതീക്ഷിത നീക്കത്തെ തുടര്‍ന്ന്, സർക്കാരിനെ നിലനിർത്താൻ മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും രാജിവെച്ചതായി കമൽനാഥ് പ്രഖ്യാപിച്ചിരുന്നു.വിമതർക്കെല്ലാം മന്ത്രി പദവി നൽകുമെന്നാണ് കമൽനാഥിന്റെ വാഗ്ദാനം.ഇതിനിടെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് വൈകീട്ട് ഭോപ്പാലില്‍ ചേരും. സിന്ധ്യയെ പിസിസി അധ്യക്ഷനാക്കുന്നതിൽ എതിർപ്പില്ലെന്ന് കമൽനാഥ് ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍