ഡല്‍ഹി സര്‍ക്കാരിന്റെ ലോ‌ക്പാല്‍ വെറും ജോക്പാലെന്ന് പ്രശാന്ത് ഭൂഷണ്‍

Webdunia
ശനി, 28 നവം‌ബര്‍ 2015 (18:10 IST)
ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്ലിനെതിരെ എഎപി മുന്‍ നേതാവും പ്രശസ്ത അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍‍.

ഡല്‍ഹി സര്‍ക്കാര്‍ പാസാക്കിയ ലോക്പാല്‍ ജോക്ക്പാല്‍ ബില്ലാണെന്നും അണ്ണാ ഹസാരെ സമരത്തിന്റെ ഭാഗമായി രൂപം കൊണ്ട് ജന്‍‌ ലോക്പാല്‍ എന്ന ആശയത്തില്‍ വെള്ളം ചേര്‍ക്കുന്നതാണ് പുതിയ ബില്ലെന്നും അദ്ദേഹം ആരോപിച്ചു.

സര്‍ക്കാര്‍ പരസ്യമാക്കാത്ത ബില്ലിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചു കൊണ്ടാണ് ഭൂഷന്‍ വിമര്‍ശനം ഉന്നയിച്ചത്. കേന്ദ്രസര്‍വീസിലെ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവന്നത് എതിര്‍പ്പു ക്ഷണിച്ചുവരുത്താന്‍ ലക്ഷ്യമിട്ടാണ്. മോഡിയെപ്പോലെ ചോദ്യം ചെയ്യപ്പെടാന്‍ ആഗ്രഹിക്കാത്ത നേതാവാണ് കെജ്‌രിവാള്‍ എന്നും ഭൂഷന്‍ കൂട്ടിച്ചേര്‍ത്തു.

ശക്തമായ ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ കെജ്‌രിവാളിന് ആഗ്രഹമില്ലെന്നും ഭൂഷന്‍ കുറ്റപ്പെടുത്തി. ജോക്ക്പാല്‍ എന്ന് കെജ്‌രിവാള്‍ വിമര്‍ശിച്ച കേന്ദ്ര ലോക്പാല്‍ പോലും ഡല്‍ഹി സര്‍ക്കാര്‍ അവതരപ്പിച്ച ബില്ലിനേക്കാള്‍ ശക്തമാണെന്ന് പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.