രാജ്യത്ത് ആദ്യമായി ജമ്മു കശ്മീരിൽ 59 ലക്ഷം ടൺ ലിഥിയം നിക്ഷേപം കണ്ടെത്തി, ഇലക്ട്രിക് വാഹനരംഗത്ത് ഇന്ത്യയ്ക്ക് സുപ്രധാനനേട്ടം

വെള്ളി, 10 ഫെബ്രുവരി 2023 (18:30 IST)
വൈദ്യുത വാഹനരംഗത്ത് വമ്പൻ കുതിപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് സുപ്രധാനമായ നേട്ടം. രാജ്യത്ത് ആദ്യമായി ജമ്മുകശ്മീരിയിലെ രെയാസി ജില്ലയിലെ സലാൽ-ഹൈമൻ പ്രദേശത്ത് ലിഥിയത്തിൻ്റെ വൻ ശേഖരം കണ്ടെത്തി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് വാർത്ത പുറത്തുവിട്ടത്. 5.9 മില്യൺ ടൺ ലിഥിയം ശേഖരമാണ് കശ്മീരിൽ കണ്ടെടുത്തത്.
 
രാജ്യത്തുള്ള 51 ലോക-ധാതു നിക്ഷേപങ്ങളെ പറ്റിയുള്ള റിപ്പോർട്ട് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അതാത് സംസ്ഥാനങ്ങൾക്ക് കൈമാറി. ഇലക്ടോണിക് വാഹനങ്ങളിലെ ബാറ്ററികളിൽ ഉപയോഗിക്കുന്നതിൽ പ്രഥമ ഘടകമായ ലിഥിയം ശേഖരത്തിൻ്റെ കണ്ടെത്തൽ വൈദ്യുത വാഹനരംഗത്ത് കുതിപ്പിന് ലക്ഷ്യം വെയ്ക്കുന്ന ഇന്ത്യയ്ക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
നിലവിൽ രാജ്യത്തെ ആവശ്യങ്ങൾക്കായി ലിഥിയം,നിക്കൽ,കൊബാൾട്ട് തുടങ്ങിയവ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.വൈദ്യുതവാഹനങ്ങൾക്ക് പുറമെ മൊബൈൽ ഫോണുകൾ, സോളാർ പാനലുകൾ എന്നിവയ്ക്കും ലിഥിയം വൻ തോതിൽ ഉപയോഗിക്കുന്നുണ്ട്.ഈ മേഖലയിൽ സ്വയം പര്യാപ്തത നേടാൻ പുതിയ ലിഥിയം ശേഖരം രാജ്യത്തിന് മുതൽക്കൂട്ടാകും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍