മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടാവുന്ന ആശങ്ക തമിഴ്നാട് മനസിലാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തമിഴ്നാടിന് വെള്ളം നല്‍കുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാര്‍ ഡാമിന് 117 വര്‍ഷത്തെ പഴക്കമുണ്ട്. അങ്ങനെയുള്ള ഒരു ഡാം സുരക്ഷിതമല്ലെന്നത് തമിഴ്നാട് മനസിലാക്കണം. കേരളത്തെ സംബന്ധിച്ചടത്തോളം ജനങ്ങളുടെ സുരക്ഷ പ്രധാനമാണ്. അതോടൊപ്പം തമിഴ്നാടിന് ജലം നല്‍കാന്‍ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലനിരപ്പ് 142 അടിയായതോടെ വന്യജീവികളെ അത് പ്രതികൂലമായി ബാധിച്ചു തുടങ്ങി. 1400 ഏക്കര്‍ വനം ഇതിനോടകം വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രിയുമായി ഈ പ്രശ്നം ചര്‍ച്ച ചെയ്യുമോയെന്ന ചോദ്യത്തിന് താന്‍ സ്വകാര്യ പരിപാടിക്കാണ് ഇവിടെ എത്തിയതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.