നടൻ ജയന്റെ അങ്ങാടിയെന്ന സിനിമ കാണാത്ത മലയാളികളുണ്ടാകുമോ? കൂലിപ്പണിക്കാരനായ ജയന്‍ ഇംഗ്ലീഷില്‍ കസറിയത് ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. സിനിമകളിൽ മാത്രമല്ല, ജീവിതത്തിലും ഇടയ്ക്കൊക്കെ ഇങ്ങനെ ചില ‘ജയന്മാർ’ ഉണ്ടാകുമെന്ന് തെളിയിക്കുകയാണ് ബീഹാറിലെ ഒരു കൂലിപ്പണിക്കാരൻ.
തെരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകനോട് തിരിച്ച് ഇംഗ്ലീഷിലാണ് ഇദ്ദേഹം മറുപടി നൽകുന്നത്. ‘ഐ വാൻഡ് ടു വർക്ക്’ എന്ന് പറഞ്ഞ് തുടങ്ങിയ അദ്ദേഹത്തെ അമ്പരപ്പോടെ നോക്കിയ മാധ്യമപ്രവർത്തകൻ ‘ഇംഗ്ലീഷോ’ എന്ന് ആശ്ചര്യത്തോടെ ചോദിക്കുന്നുണ്ട്. ഇതിനു കൂലിപ്പണിക്കാരൻ നൽകിയ മറുപടിയാണ് രസകരം ‘യാ.. വൈ നോട്ട്? എന്തുകൊണ്ട് ഇംഗ്ലീഷ് പറഞ്ഞു കൂടാ?’.
ഭഗല്‍പൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡിഗ്രി എടുത്ത വ്യക്തിയാണ് ഇദ്ദേഹം. ജോലി ഇല്ലാതെ ആയതോടെയാണ് കൂലിപ്പണി ചെയ്തു തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു. മോദി സർക്കാരിനെതിരെയാണ് അദ്ദേഹത്തിനു പറയാനുള്ളത് മുഴുവനും. ‘എനിക്ക് ജോലി ചെയ്യണം, മോഡിയോട് പറയാനുള്ളത് എന്നെ ജോലി ചെയ്യാന്‍ അനുവദിക്കണം’ - അദ്ദേഹം സങ്കടത്തോടെയും ആത്മവിശ്വാസത്തോടെയും പറയുന്നു.
ജോലികള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോഡി നാളിത്രയായിട്ടും അതൊന്നും ചെയ്യുന്നില്ല. ഇപ്പോള്‍ ദിവസക്കൂലിക്ക് വേണ്ടിയുള്ള ജോലി പോലും ലഭിക്കുന്നില്ല. ഭക്ഷണത്തിന് ബുദ്ധിമുട്ടാണ്. എന്താണ് മോദി സർക്കാർ ചെയ്തത്? എന്ത് ജോലിയാണ് നൽകിയിട്ടുള്ളത്? ജോലി ഇല്ലാതെ ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും…? ഈ ചോദ്യം പല ആവര്‍ത്തി ചോദിച്ചാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്.