ഡല്‍ഹിമുഖ്യമന്ത്രിസ്ഥാനം ബിജെപി വാഗ്ദാനം ചെയ്തിരുന്നു: കുമാര്‍ ബിശ്വാസ്

Webdunia
ശനി, 30 ഓഗസ്റ്റ് 2014 (15:39 IST)
ബിജെപിയെ പിന്തുണച്ചാല്‍ ഡല്‍ഹി മുഖ്യമന്ത്രയാക്കാമെന്ന വാഗ്ദാനവുമായി ഒരു ബിജെപി എം‌പി തന്നെ സമീപിച്ചിരുന്നതായി ആം ആദ്മി പാര്‍ട്ടി നേതാവായ കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തി.

മെയ് 19ന്,​ ഡല്‍ഹിയില്‍ നിന്നുള്ള ഒരു ബിജെപി എംപി തന്നെ ഗാസിയബാദിലുള്ള വീട്ടിലെത്തിയാണ് ഇക്കാര്യങ്ങള്‍ അവതരിപ്പിച്ചതെന്നും ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ചാല്‍ മുഖ്യമന്ത്രിയാക്കാമെന്ന് ഇയാള്‍ വാഗ്ദാനം നല്‍കിയെന്നുമാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തിയത്.

ആം ആദ്മി പാര്‍ട്ടിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടെന്ന് അഭിപ്രായമുള്ള പന്ത്രണ്ട് എംഎല്‍എമാര്‍ തന്നെ പിന്തുണയ്ക്കുമെന്നും ബിജെപി ഉറപ്പ് നല്‍കിയിരുന്നതായി കുമാര്‍ ബിശ്വാസ് വ്യക്തമാക്കി. ഇതോടെ ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുപാര്‍ട്ടികളും രംഗത്തെത്തി.

ബിജെപിയുടെ വാഗ്ദാനം അംഗീകരിച്ചാല്‍ തന്നേയും കൊണ്ട് ഡല്‍ഹിയിലെ അശോകാ ഹോട്ടലിലെത്തി കാര്യങ്ങള്‍ മുന്നൊട്ട് കൊണ്ടുപോകാനായിരുന്നു അയാളുടെ ശ്രമമെന്നു പറഞ്ഞ കുമാര്‍ ബിശ്വാസ് എന്നാല്‍ തന്നെ വന്നു കണ്ട എംപിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ തയ്യാറായില്ല. അയാള്‍ തന്റെ സുഹൃത്താണെന്നും അതിനാല്‍ പേര് പറയില്ലെന്നുമാണ് ബിശ്വാസ് പറഞ്ഞത്.

എന്നാല്‍ കുമാര്‍ ബിശ്വാസിന്രെ ആരോപണം ബിജെപി നിഷേധിച്ചു. ഇപ്പോള്‍ ഇങ്ങനെ പറയേണ്ട കാര്യമെന്താണെന്ന് ബിജെപി ദേശീയ സെക്രട്ടറിയും ഡല്‍ഹി എംഎല്‍എയുമായ ആര്‍പി സിംഗ് പറഞ്ഞു. വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കാന്‍ വേണ്ടി ആര്‍ക്കും എന്തും പറയാനാകുമെന്നും ബിശ്വാസ് എംപിയുടെ പേര് പറയണമെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.