പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഒമ്പതാംക്ലാസുകാരിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. കൊല്‍ക്കത്തയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. വോളിബോള്‍ താരമായിരുന്ന സംഗീത ഐക്കിനെയാണ് സുബ്രത് സിംഗ് എന്ന രാജ് വെട്ടിക്കൊലപ്പെടുത്തിയത്.
സഹകളിക്കാര്‍ക്കൊപ്പം മൈതാനത്ത് പരിശീലനം നടത്തുകയായിരുന്ന സംഗീതയെ കത്തിയുമായെത്തിയ രാജ് ആക്രമിക്കുകയായിരുന്നു. കത്തിയുമായി സംഗീതക്കരികിലേക്ക് രാജ് ഓടിയടുക്കുന്നത് കണ്ട വോളിബോള്‍ കോച്ച് സ്വപന് ദാസ് ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. രാജിനെ കണ്ട് ഭയന്നോടിയ സംഗീതയെ പിറകേ ഓടിച്ചെന്ന് രാജ് പലതവണ വെട്ടുകയായിരുന്നു. അക്രമണത്തിനു ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു.
സംഗീതയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനുമുമ്പ് പലതവണ രാജ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിട്ടുള്ളതായി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചതായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതക കുറ്റത്തിന് കേസെടുത്ത പൊലീസ് രാജ്നായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.