ഖാദിയും വിദേശിയായി, അവിശ്വാസത്തോടെ ഇന്ത്യ!!!

Webdunia
ചൊവ്വ, 4 നവം‌ബര്‍ 2014 (14:18 IST)
ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തില്‍ സ്വാതന്ത്രാന്തര ഭാരതത്തിലും ഖാദിക്ക് അനിഷേധ്യമായ സാന്നിധ്യമാണുള്ളത്. വിദേശ ശക്തികളെ ഇന്ത്യയില്‍നിന്ന് തുരത്താന്‍ മഹാത്മാ ഗാന്ധി ആയുധമാക്കിയത് കൈത്തറിയും, ചര്‍ക്കയുമായിരുന്നു എന്ന് ഏത് ഇന്ത്യാക്കാരനും അറിവുള്ളതാണ്. എന്നാല്‍ ഇന്ന് അതേ ഖാദി ഇപ്പോള്‍ സത്യത്തില്‍ ഭാരതീയനല്ല എന്ന് പറഞ്ഞാല്‍ നിങ്ങള്‍ എന്തുചെയ്യും. എന്തും ചെയ്തോളു പക്ഷെ ഖാദിയുടെ ട്രേഡ്മാര്‍ക്ക് വിദേശികള്‍ അടിച്ചുമാറ്റിയിട്ട് കാലം കുറച്ചായി.

പക്ഷെ സംഭവം ഇന്ത്യ അറിയുന്നത് ഇപ്പോളാണെന്നുമാത്രം. നേരത്തെ മഞ്ഞളിന്റെയും ബസ്മതി അരിയുടെയും ട്രേഡ് മാര്‍ക്ക്‌ വിദേശ രാജ്യങ്ങള്‍ സ്വന്തമാക്കിയിരുന്നു. അതേ ദൌര്‍ഭാഗ്യം ഇപ്പോള്‍ ഖാദിക്കും വന്നിരിക്കുകയാണ്. രാജ്യത്തിന്റെ ബൗദ്ധിക സ്വത്തവകാശത്തിന്‍േമേലുള്ള വിദേശ കടന്നുകയറ്റത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇര ഖാദിയായിപ്പോയി എന്നുമാത്രം.

ഖാദിക്ക് വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ പ്രചാരണം നല്‍കുന്നതിനുവേണ്ടി ചെറുകിട വ്യവസായ മന്ത്രാലയം ശ്രമിക്കുന്നതിനിടെയാണ് അതിന്റെ ട്രേഡ് മാര്‍ക്ക്‌ വിദേശ രാജ്യങ്ങള്‍ സ്വന്തമാക്കിയതായി കണ്ടെത്തിയത്. ജര്‍മനിയിലും സ്‌പെയിനിലും ഹംഗറിയിലും ഖാദിക്ക് ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് കണ്ടതോടെ നിയമപ്പോരാട്ടത്തിനൊരുങ്ങുകയാണ് ഇന്ത്യ.

എന്നാല്‍, ഖാദിയുടെ പേരിലുള്ള ബൗദ്ധിക സ്വത്തവകാശം ഇന്ത്യക്ക് തിരിച്ചുകിട്ടുമോ എന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ല. എന്നാല്‍ ഇന്ത്യയില്‍ 1956 മുതല്‍ക്ക് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ആക്ട് നിലവിലുണ്ടെന്നും ഇതൊക്കെ ഇന്ത്യയുടെ വാദങ്ങള്‍ക്ക് ശക്തിപകരുമെന്നുമാണ് ചെറുകിട വ്യവസായ മന്ത്രാലയം പറയുന്നത്. നൂറ്റാണ്ടുകളായി ഇന്ത്യയിലെ വലിയൊരു വിഭാഗത്തിന്റെ ഉപജീവനമാര്‍ഗമാണ് ഖാദി. അത് ഇന്ത്യക്കാരുടെ വികാരം മാത്രമല്ല അത് നമ്മുടെ മാത്രം സ്വത്താണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.