പ്രവര്‍ത്തകരെ ചതിച്ച കെജ്രിവാളിനോട് ദൈവവും ചരിത്രവും ക്ഷമിക്കില്ല: പ്രശാന്ത് ഭൂഷണ്‍

Webdunia
ശനി, 4 ഏപ്രില്‍ 2015 (11:00 IST)
ആം ആദ്മി പാര്‍ട്ടിയെ ഹൈക്കമാന്‍ഡ് കേന്ദ്രീകൃത പാര്‍ട്ടിയാക്കി മാറ്റി ലക്ഷക്കണക്കിനു പ്രവര്‍ത്തകരെ ചതിച്ച കെജ്രിവാളിനോട് ദൈവവവും ചരിത്രവും ക്ഷമിക്കില്ലെന്ന് പുറത്താക്കപ്പെട്ട ആം ആദ്മി വിമത നേതാവ പ്രശാന്ത് ഭൂഷണ്‍. അരവിന്ദ് കെജ്രിവാളിനയച്ച തുറന്ന കത്തിലാണ് കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പ്രശാന്ത് ഭൂഷണ്‍ രംഗത്ത് വന്നത്.

പാര്‍ട്ടിയെ ഇങ്ങനെയാക്കുന്നതില്‍ ദൈവവും ചരിത്രവും നിങ്ങളോടു ക്ഷമിക്കില്ലെന്ന് ഭൂഷണ്‍ കത്തില്‍ പറയുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിനെ തുടര്‍ന്നു താങ്കളുടെ മികച്ച കഴിവുകള്‍ രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി പ്രയോഗിക്കുകയാണ് വേണ്ടത്. എന്നാല്‍, താങ്കളുടെ തെറ്റായ കഴിവുകളാണ് ഇപ്പോള്‍ പ്രയോഗിക്കുന്നത് എന്ന് കത്തില്‍ പ്രശാന്ത് ഭൂഷണ്‍ പറയുന്നു. കെജ്രിവാളിന്റെ പ്രവൃത്തികളെ സ്റ്റാലിനോട് ഉപമിച്ച പ്രശാന്ത് ഭൂഷണ്‍ പ്രശസ്ത എഴുത്തുകാരന്‍ ജോര്‍ജ് ഓര്‍വെല്ലിന്റെ ആനിമല്‍ ഫാം വായിക്കാന്‍ കെജ്രിവാളിനെ ഉപദേശിക്കുന്നു.  സ്റ്റാലിന്റെ റഷ്യയിലും ആം ആദ്മി പാര്‍ട്ടീയിലും നടക്കുന്നതെന്തെന്ന് മനസിലാക്കാന്‍ പുസ്തകം വായന ഉപകരിക്കുമെന്നും അദ്ദേഹം പറയുന്നു.

തനിക്കും പിതാവ് ശാന്തി ഭൂഷണും യോഗേന്ദ്ര യാദവിനുമെതിരെ കെജ്രിവാള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് ഭൂഷണ്‍ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു ശേഷം ഡല്‍ഹിയില്‍ അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന്റെ പിന്തുണ വീണ്ടും സ്വീകരിക്കാന്‍ ശ്രമിച്ചതാണ് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പറയുന്ന കത്തില്‍ ശുദ്ധവും തത്വാധിഷ്ഠിതവുമായ രാഷ്ട്രീയം വേണമെന്നും അഴിമതി രഹിത ഭരണം വേണമെന്നുമുള്ള നമ്മുടെ സ്വപ്നം പ്രാബല്യത്തില്‍ വരുത്താനാകുമോ എന്നു ഭയപ്പെടുന്നതായും പറയുന്നു.

പാര്‍ട്ടീ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടീ‍ ചുമതലകളില്‍നിന്ന് പുറത്താക്കിയിരുന്നു. അതിനു ശേഷം പാര്‍ട്ടി ഇപ്പോള്‍ പിളര്‍പ്പിന്റെ വക്കിലാണ്. അതിനിടെയാണ് രൂക്ഷമായ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. അടുത്ത് ജൂണിനു മുമ്പെ പുതിയ പാര്‍ട്ടി പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തില്‍ ഉണ്ടാകുമെന്നാണ് വിവരങ്ങള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.