ഇന്ത്യയിലെ ഇരുപത്തിയൊന്പതാമത് സംസ്ഥാനമായി തെലങ്കാന പിറന്നു. സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായി തെലങ്കാന രാഷ്ട്ര സമിതി പ്രസിഡന്റ് കെ ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
119 നിയമസഭാ സീറ്റുകളുള്ള തെലങ്കാനയില്‍ 63 സീറ്റ് നേടിയാണ് ടിആര്‍എസ് അധികാരത്തിലേറുന്നത്. ഇന്നലെ രാത്രി മുഴുവന്‍ ആന്ധ്രാപ്രദേശ് ആഘോഷലഹരിയിലായിരുന്നു. ഞായറാഴ്ച രാത്രി 12 മണിക്ക് തെലുങ്കാന പിറന്നതോടെ വെടിക്കെട്ടും പൂത്തിരിമേളവും നടന്നു. നഗരം മുഴുവന്‍ ചന്ദ്രശേഖര്‍ റാവുവിന് അഭിവാദ്യമര്‍പ്പിച്ചുള്ള പടുകൂറ്റന്‍ കട്ടൗട്ടുകളാണ്. ടിആര്‍എസിന്റെ ആസ്ഥാനമായ തെലങ്കാന ഭവനിലെ ആഘോഷ പരിപാടികളില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും എംപിയുമായ കവിതയും പങ്കെടുത്തു.
അതേസമയം എന്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാര്‍ട്ടി അധികാരമേല്‍ക്കാന്‍ ഒരാഴ്ച കൂടി കഴിയുമെന്നതിനാല്‍ ആന്ധ്രയില്‍ രാഷ്ട്രപതി ഭരണം തുടരും. സീമാന്ധ്രയില്‍ തെലുങ്കുദേശവും ബിജെപിയും ചേര്‍ന്നുള്ള സഖ്യം 175 സീറ്റില്‍ 106 സീറ്റുകളാണ് നേടിയത്.
ആന്ധ്രാപ്രദേശിനെ വിഭജിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നാണ് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവച്ചത്.