പാക് അധീന കശ്മീരിൽ പാകിസ്ഥാന്‍ സൈന്യം നടത്തുന്ന ക്രൂരതകളെക്കുറിച്ച് കശ്മീരികളെ ബോധവൽക്കരിക്കണമെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ. ഇന്നലെ വൈകുന്നേരം ഗോവയിലെ പനജിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് പരീക്കർ ഈ പ്രസ്താവനകൾ നടത്തിയത്.
പാക് അധീന കശ്മീരിൽ ജനങ്ങളെ എത്ര ക്രൂരമായാണ് പാക് സൈനികർ പീഡിപ്പിക്കുന്നതെന്ന് കശ്മീരികളെ നമ്മൾ ബോധ്യപ്പെടുത്തണം. വെടിനിർത്തൽ കരാർ അവർ ലംഘിക്കുന്നത് ഭീകരരെ ഇന്ത്യയിലേക്കു കടത്തുന്നതിനൊരു മറയായിട്ടാണ്- അദ്ദേഹം പറഞ്ഞു.
പെഷാവറിൽ കുട്ടികളെ കൊല്ലുകയും കശാപ്പു ചെയ്യുകയുമാണ് ചെയ്യുന്നത്. മോസ്കുകളിൽ പ്രാർഥനയ്ക്കു പോകുന്നവർ കൊല്ലപ്പെടുകയാണ്. പാകിസ്ഥാനിൽ എല്ലായിടത്തും കൊലപാതകമാണ് നടക്കുന്നത്. ഇതു വിഷവിത്താണ്. അവർ തന്നെ നട്ടതാണിത്. ഇന്ത്യയോടുള്ള വെറുപ്പ് ഉയർത്തുന്ന പ്രചാരണം കൊണ്ട് ഒരു പരിഹാരവും ഉണ്ടാകില്ലെന്നു അവർ തിരിച്ചറിയണം, പരീക്കർ കൂട്ടിച്ചേർത്തു.