കശ്മീരില്‍ ഐഎസ്ഐഎസ് പതാക!

Webdunia
വെള്ളി, 22 ഓഗസ്റ്റ് 2014 (18:16 IST)
ഐഎസ്ഐഎസിനെ (ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് ലവന്റ്) പിന്തുണച്ചുകൊണ്ട് കശ്മീരില്‍ പതാകകളും ബാനറുകളും കണ്ടെത്തിയതിനേ തുടര്‍ന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ശക്തമായ അന്വേഷണം തുടങ്ങി. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ജമ്മു കശ്മീരില്‍ നടത്തിയ മൂന്നു വ്യത്യസ്ത റാലികളിലാണ് ഐഎസ്ഐഎസിനെ പിന്തുണച്ചുള്ള ബാനറുകളും പതാകകളും പ്രത്യക്ഷപ്പെട്ടത്.

ജൂണ്‍ 27നാണ് ഐഎസ്ഐഎസിന്റെ പതാകകളും ബാനറുകളും കശ്മീരില്‍ ആദ്യമായി ഉപയോഗിച്ചതെന്നാണ് കണ്ടെത്തല്‍. തുടര്‍ന്ന് ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച് രണ്ട് പരിപാടികളില്‍ കൂടി ഇത് ആവര്‍ത്തിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംഭവങ്ങള്‍ ഇനിയും ഉണ്ടാകാമെന്നാണ് സുരക്ഷാ ഏജന്‍സികള്‍ കരുതുന്നത്. അതിനാല്‍ കര്‍ശനമായ നടപടികള്‍ക്കാണ് അന്വേഷണ ഏജന്‍സികള്‍ തുടക്കമിട്ടിരിക്കുന്നത്.

ഷിയ ഭൂരിപക്ഷ പ്രദേശമായ സദിബാലിലാണ് ആദ്യം പതാകകളും ബാനറുകളും കണ്ടത്. എന്നാല്‍ ഐഎസ്ഐഎസ് യാഥാസ്തികരായ സുന്നി തീവ്രവാദികളാണ്. അതേ സമയം ഇറാഖിനും സിറിയയ്ക്കും പുറത്തുള്ള രാജ്യങ്ങളില്‍ സുന്നികളല്ലാത്ത മുഴുവന്‍ മുസ്ലീങ്ങളേയുമാണ് ലക്ഷ്യമിടുന്നത്. അതിനാല്‍ സംഭവത്തേ അതീവ ഗൌരവമായി തന്നെ ആഭ്യന്തര മന്ത്രാലയം എടുത്തിട്ടുണ്ട്.