കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, നാലു ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു

Webdunia
വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (10:33 IST)
ജമ്മു കശ്മീരിലെ ഹന്ദ്‍വാരയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഹന്ദ്‌വാര, ബാരമുള്ള എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍. ലഡൂര ഗ്രാമത്തിലുള്ള വീട്ടിൽ ഒരു ഭീകരൻ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടർന്നു തിരച്ചിൽ നടത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.

ഹിസ്ബുൽ മുജാഹിദ്ദിൻ നിന്നു വിട്ടുപോയ ലഷ്കറെ ഇസ്‌ലാം എന്ന സംഘടനയുമായി ബന്ധപ്പെട്ട ഭീകരനായിരുന്നു ഒളിച്ചു കഴിഞ്ഞിരുന്നത്. മണിക്കൂറുകൾ നീണ്ടുനിന്ന ശ്കതമായ ഏറ്റുമുട്ടലിനൊടുവിൽ സൈന്യം ഭീകരനെ വധിച്ചു. കശ്മീരിലെ സോപോര്‍ സ്വദേശിയായ റിയാസ് അഹമ്മദാണ് കൊല്ലപ്പെട്ട തീവ്രവാദിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ റൈഫിള്‍സിലെ സൈനികന്‍ കൊല്ലപ്പെട്ടത്.

ഹന്ദ്‌വാരയിലെ ഹവില്‍ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് തീവ്രവാദികള്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്. ഹിന്ദ്‌വാര പോലീസ്, രാഷ്ട്രീയ റൈഫിള്‍സ്, പ്രത്യേക ദൗത്യസംഘം എന്നിവര്‍ സംയുക്തമായാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്.കഴിഞ്ഞ കുറച്ച് ആഴ്ചകളായി പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകരർ ജമ്മു കശ്മീരിൽ തുടരെ ആക്രമണം നടത്തുകയാണ്. കഴിഞ്ഞയാഴ്ച മാത്രം മൂന്നു ഭീകരരാണ് കൊല്ലപ്പെട്ടത്. രണ്ടു ഭീകരരെ ജീവനോടെ പിടികൂടാൻ ഇന്ത്യൻ സൈന്യത്തിനു കഴിഞ്ഞിരുന്നു.