നികുതിവെട്ടിപ്പ് വെളിപ്പെടുത്തിയ ഐ‌എ‌എസ് ഉദ്യോഗസ്ഥന്‍ മരിച്ചനിലയില്‍, കര്‍ണാടകയില്‍ വന്‍ പ്രതിഷേധം

Webdunia
ചൊവ്വ, 17 മാര്‍ച്ച് 2015 (16:06 IST)
കര്‍ണാടകയിലെ റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് പുറത്തുകൊണ്ടുവന്ന ഐ‌എ‌എസ് ഉദ്യോഗസ്ഥന്റെ ആകസ്മിക മരനഥില്‍ ദുരൂഹത ആരോപിച്ച് കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം. ഐ‌എ‌എസ് ഉദ്യോഗസ്ഥനായ ഡി കെ രവിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം. കര്‍ണാടക നിയമസഭയേപ്പോലും പ്രക്ഷുബ്ദമാക്കിയിരിക്കുകയാണ് ഇയാളുടെ ദുരൂഹമരണം. പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ണാടകയിലെ കൊലാര്‍ ജില്ലയില്‍ ബന്ധ് ആചരിച്ചിരിക്കുകയാണ്.
 
35 വയസുകാരനായയിരുന്ന് ഡികെ രവി ബംഗളൂരുവില്‍ എന്‍ഫോര്‍സ്മെന്റ് ജോയിന്റ് കമ്മീഷനറായിരുന്നു. ഭൂമാഫിയകളുടെ കൂട്ടത്തിലുള്ള ഒരു വന്‍‌കിട കമ്പനിയുടെ കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പ് പുറത്ത് കൊണ്ടുവന്നതിനു ശേഷം ദിവസങ്ങള്‍ക്കകമാണ് ഇദ്ദേഹത്തെ സ്വന്തം ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യ ചെയ്യാന്‍ തക്കതായ സാഹചര്യങ്ങള്‍ പ്രത്യക്ഷത്തില്‍ ഇല്ലാത്തതിനാല്‍  ഇത് കൊലപാതകം തന്നേയാനെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബംഗളൂരുവിലെ നവരംഗില്‍ പ്രതിഷേധക്കാര്‍ പ്രകടനവും ബന്ധും നടത്തി. 
 
സംഭവത്തില്‍  അന്വേഷണം നടത്തണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. മൈസൂരിലെ ഗാന്ധി സര്‍ക്കിളില്‍ ബിജെപി പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനം നടത്തി. ഈ വിഷയമുന്നയിച്ച് കര്‍ണാടക നിയമസഭയില്‍ പ്രതിപക്ഷമായ ബിജെപി വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതേതുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടിരിക്കുകയാണിപ്പോള്‍. രവിയുടെ മരണത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തുമെന്നും സത്യം പുറത്തു കൊണ്ടു വരുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അദ്ദേഹത്തിന്റെ മരണം ഗവണ്‍മെന്റിന് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രവിയുടെ കോരമംഗലയിലെ വീടും ഓഫീസും അന്വേഷണ സംഘം സീല്‍ ചെയ്യുകയും വീട്ടിലും ഓഫീസിലുമുള്ള രേഖകള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
 
അതേസമയം മരിച്ച ഡികെ രവിയുടെ മൃതദേഹം വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതിനു ശേഷം സംസ്കരിച്ചു. നിരവധി നാട്ടുകാരാണ് ഇദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാനെ എത്തിയത്. അതേസമയം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടീല്ല. എത്രയും പെട്ടന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് പ്രതിഷേധം നടത്തുന്ന നാട്ടുകാര്‍ പറയുന്നത്. അതേസമയം രവിയുടേത് ആത്മഹത്യയാണെന്ന നിലപാടിലാണ് പൊലീസ്. ഡോഗ് സ്ക്വാഡും, ഫോറന്‍സിക് വിദഗ്ദരും നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് ബംഗളൂരു പൊലീസ് കമ്മീഷണര്‍ എം‌എന്‍ റെഡ്ഡി പറഞ്ഞത്.